ഖത്തർ ലോകകപ്പിൽ ചരിത്രം പിറക്കും, മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാരും

Six Female Match Officials For Qatar World Cup
Six Female Match Officials For Qatar World Cup / Thananuwat Srirasant/GettyImages
facebooktwitterreddit

ഫിഫ ലോകകപ്പ് ഖത്തർ 2022ൽ ചരിത്രം പിറക്കും. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്നു വനിതകളെ ഉൾപ്പെടുത്തിയതോടെ ആദ്യമായി ഒരു പുരുഷ ഫുട്ബോൾ ലോകകപ്പിൽ വനിതകൾ മത്സരം നിയന്ത്രിക്കാൻ പോകുന്നുവെന്ന ചരിത്രമാണ് ഖത്തർ ലോകകപ്പിൽ പിറക്കാൻ പോകുന്നത്.

പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയുടെ സലീമാ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരൻ ഡയസ് മദീന, അമേരിക്കയിൽ നിന്നുമുള്ള കാതറിൻ നൈസ്ബിറ്റ് എന്നിവരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

36 പ്രധാന റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫിഷ്യൽസിനെയും ടൂർണമെന്റിനു വേണ്ടി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് ഫിഫ പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ ഇടം നേടുന്നതെന്നും ഇതിലൂടെ ഒരാളുടെ ലിംഗം ഏതാണെന്നല്ല, മറിച്ച് കഴിവാണു പ്രധാനമായും പരിഗണിക്കുന്നതെന്ന് ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയറിലൂയിജി കോളിന പറഞ്ഞു.

36 പേരുള്ള പ്രധാന റഫറിമാരുടെ പട്ടികയിൽ പ്രീമിയർ ലീഗിൽ നിന്നുള്ള ആന്തണി ടെയ്‌ലർ, മൈക്കൽ ഒലിവർ എന്നിവരും ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിക്കാൻ പോകുന്ന ഫ്രാൻസിൽ നിന്നുള്ള ക്ലെമന്റ് ടർപിൻ എന്നിവരെല്ലാമുണ്ട്. അതേസമയം ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച അർജന്റീനിയൻ റഫറി ലെസ്റ്റർ പിറ്റാന ഇത്തവണ ലോകകപ്പ് ടീമിലില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.