കേരളത്തിന്റെ ഫുട്ബോൾ ആവേശം പകർത്തി ഫിഫ, ആദ്യത്തെ ഇന്ത്യൻ ഡോക്യൂമെന്ററി മലയാളത്തിൽ

FIFA's Sports Documentary Based On Kerala's Passion For Football
FIFA's Sports Documentary Based On Kerala's Passion For Football / FIFA, Rise Worldwide
facebooktwitterreddit

ഇന്ത്യയിൽ ഏറ്റവുമധികം ഫുട്ബോൾ ആവേശം അലയടിച്ചുയരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സെവെൻസിൽ തുടങ്ങി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്കായി എത്തുന്ന ആരാധകക്കൂട്ടം വരെ അതിനുള്ള തെളിവുകളാണ്. കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ അഭിമാനിക്കാൻ വക നൽകി ഫിഫ തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ ഡോക്യൂമെന്ററി പുറത്തിറക്കിയിരിക്കുന്നത് മലയാളത്തിലാണ്. 'മൈതാനം' എന്നു പേരിട്ടിട്ടുള്ള ഡോക്യൂമെന്ററി ഫിഫയുടെ ഏറ്റവും പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫിഫ പ്ലസിലൂടെ ആരാധകർക്ക് സൗജന്യമായി കാണാൻ കഴിയും. ഡോക്യൂമെന്ററി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫിഫയും റൈസ് വേൾഡ് വൈഡും സംയുക്തമായി സഹകരിച്ചു ചിത്രീകരിച്ച ഈ ഡോക്യൂമെന്ററിയിൽ കേരളത്തിന്റെ ഫുട്ബോൾ ആവേശവും കാൽപ്പന്തു കളിയോടുള്ള വൈകാരിക അടുപ്പവും വെളിപ്പെടുത്തുന്ന ആറു ചെറിയ കഥകളാണുള്ളത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഫുട്ബോൾ ആരാധനയെ അടയാളപ്പെടുത്താൻ ഇതിനു കഴിഞ്ഞിട്ടുണ്ട്.

ബൂട്ടുകളില്ലാതെ കളിക്കുന്ന വൈദികൻ, അന്താരാഷ്‌ട്ര തലത്തിൽ കയ്യടി നേടുന്ന ഗോകുലം കേരളയുടെ വനിതാ ടീം, കേരളത്തിന്റെ സെവൻസ് ഫുട്ബോൾ തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിച്ചു പോകുന്ന നാൽപത്തിയൊന്ന് മിനുട്ട് ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ ഐഎസ്എൽ കമന്റേറ്ററായ ഷൈജു ദാമോദരന്റെ സാന്നിധ്യവുമുണ്ട്.

ഇന്ത്യൻ മാർക്കറ്റിൽ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി റൈസുമായി ഒരുമിച്ചു ചേർന്ന് ഇത്തരമൊരു ഡോക്യൂമെന്ററി പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്ന് ഫിഫ പ്ലസിന്റെ കമ്മീഷനിങ് എഡിറ്ററും കണ്ടന്റ് ലീഡുമായ ആൻഡ്രൂ വൈറ്റ്‌ലോ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ ആരാധക കൂട്ടങ്ങളെ ഉദ്ദേശിച്ചാണ് ഈ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമെന്നും അതിലൂടെ വിവിധ സ്ഥലങ്ങളിലെയും സംസ്‌കാരങ്ങളിലെയും ഫുട്ബോളിന്റെ സാന്നിധ്യം മനസിലാക്കുകയെന്ന ഉദ്ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.