ലോകകപ്പ് മത്സരസമയം 100 മിനുട്ടാക്കി വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഫിഫ


2022 ഖത്തർ ലോകകപ്പിലെ മത്സരസമയം നൂറു മിനുട്ടാക്കി വർദ്ധിപ്പിക്കാൻ വേണ്ടി തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫിഫ. മത്സരങ്ങളിൽ കളി നടക്കുന്ന സമയം ആരാധകർക്കു കൂടുതൽ ലഭിക്കുന്നതിനു വേണ്ടി ഇത്തരമൊരു തീരുമാനത്തിനു ഫിഫ മുതിരുന്നുവെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് ഫിഫ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നിരിക്കുന്നത്.
"ഇന്ന് ഏതാനും റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പടർന്നു പിടിച്ച സാഹചര്യത്തിൽ ഫിഫ ലോകകപ്പ് ഖത്തർ 2022ലോ മറ്റേതെങ്കിലും മത്സരത്തിലേയോ സമയദൈർഘ്യവുമായി ബന്ധപ്പെട്ട നിയമം മാറ്റാൻ പദ്ധതിയില്ലെന്ന് ഫിഫ വ്യക്തമാക്കുന്നു." തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഫിഫ വ്യക്തമാക്കി.
FIFA Statement
— FIFA Media (@fifamedia) April 6, 2022
Following some reports and rumours spread today, FIFA would like to clarify that there will be no changes to the rules regarding the length of football matches for the FIFA World Cup Qatar 2022™️ or any other competition.
ഇറ്റാലിയൻ മാധ്യമമായ കൊറേറോ ഡെല്ലോ സ്പോർട്ടാണ് ഫിഫ ഖത്തർ ലോകകപ്പിൽ സമയം വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നു റിപ്പോർട്ടു ചെയ്തത്. തൊണ്ണൂറു മിനുട്ടിനു ശേഷം അഡീഷണൽ ടൈമായി പത്തു മിനുട്ടോളം നൽകാൻ റഫറിമാർക്ക് അനുവാദം നൽകിയാണ് പന്തുമായി കളി നടക്കുന്ന സമയം വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
പഠനങ്ങൾ പ്രകാരം വിവിധ ലീഗുകളിൽ ഒരു മത്സരത്തിന്റെ അമ്പതു മുതൽ 62 ശതമാനം സമയം മാത്രമേ യഥാർത്ഥത്തിൽ പന്തുമായുള്ള കളി നടക്കുന്നുള്ളൂ. ഇതിനെ മറികടന്ന് ആരാധാകർക്ക് താരങ്ങളുടെ പ്രകടനം കൂടുതൽ കാണാൻ അവസരമൊരുക്കാൻ വേണ്ടിയാണ് ഫിഫ ഇതിനു തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.
അതേസമയം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഫിഫയുടെ തീരുമാനം താരങ്ങളെ വളരെയധികം ബാധിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് ഫിഫ വാർത്തകൾ നിഷേധിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.