Football in Malayalam

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള പദ്ധതികൾക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് ഫിഫ പ്രസിഡന്റ്

Sreejith N
Tunisia v Algeria - FIFA Arab Cup Qatar 2021 Final
Tunisia v Algeria - FIFA Arab Cup Qatar 2021 Final / ATPImages/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള പദ്ധതികളെ ഫുട്ബോൾ ലോകത്തെ പ്രധാന നേതാക്കളെല്ലാം പിന്തുണക്കുന്നുണ്ടെന്ന് ഫിഫ മേധാവി ജിയാനി ഇൻഫാന്റിനോ. മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സൺ വെങ്ങർ ഫിഫ ഗ്ലോബൽ ഫുട്ബോൾ ചീഫ് ആയതിനു ശേഷം ഉയർത്തിക്കൊണ്ടു വന്ന ഈ ആശയം നടപ്പിലാക്കാനുള്ള പദ്ധതികളുമായി ഫിഫ മുന്നോട്ടു പോവുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

നേരത്തെ തന്നെ ഇത്തരമൊരു ആശയം ഉണ്ടായിരുന്നെങ്കിലും വെങ്ങറാണ് ഈ പദ്ധതിയെ ചടുലമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇതിനെതിരെ പല ഫുട്ബോൾ ഫെഡറേഷനുകളും എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലീഗുകളെയും കളിക്കാരെയും ഇതു വളരെയധികം ബാധിക്കുമെന്നാണ്‌ അതിനെ എതിർക്കാനുള്ള കാരണമായി അവർ ചൂണ്ടിക്കാട്ടിയത്.

അതേസമയം ഈയൊരു തീരുമാനം കൊണ്ട് ലോകത്തെമ്പാടും ഫുട്ബോളിനു വളർച്ചയുണ്ടാകുമെന്നും 4.4 ബില്യൺ ഡോളറിന്റെ അധികവരുമാനം ഉണ്ടാകുമെന്നും പറയുന്ന ഇന്ഫന്റിനോ ഇക്കാര്യത്തിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ ഭൂരിഭാഗവും തങ്ങളെ പിന്തുണക്കുമെന്ന് വ്യക്തമാക്കി. "നാളെ ഞാനൊരു വോട്ടെടുപ്പ് നടത്തിയാൽ, മിക്കവാറും ഭൂരിപക്ഷം പേരും രണ്ടു വർഷത്തിൽ ലോകകപ്പ് നടത്താനുള്ള തീരുമാനത്തെ പിന്തുണക്കും." അദ്ദേഹം പറഞ്ഞു.

"എന്നാൽ അതല്ല ഇവിടുത്തെ പ്രധാന വിഷയം. ഞങ്ങൾ എല്ലാ കലണ്ടറും കൃത്യമായി മനസിലാക്കി, ഫുട്ബോളിനെ എങ്ങിനെ മികച്ചതാക്കാമെന്നും ഫുട്ബോളിന്റെ ഭാവിയെ മെച്ചപ്പെടുത്താൻ വേണ്ടി പുതിയൊരു രീതി സംഘടിപ്പിക്കുന്നതിനായി എത്ര പേരെ കൊണ്ടു വരാൻ കഴിയുമെന്നും ഞങ്ങൾ നോക്കുകയാണ്," ഇന്ഫന്റിനോ വ്യക്തമാക്കി.

അതേസമയം അടുത്ത വർഷം മാർച്ച് 31നു ദോഹയിൽ വെച്ചു നടക്കുന്ന ഫിഫ കോൺഗ്രസിൽ ഈ വിഷയത്തിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്ന കാര്യം സ്ഥിരീകരിക്കാൻ ഇന്ഫന്റിനോ തയ്യാറായില്ല. ചർച്ചകളും വിശകലനവും തുടരുമെന്നും അതിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit