PSG

സിദാൻ പിഎസ്‌ജി പരിശീലകനാകുമെന്ന സൂചനകൾ നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്

Sreejith N
FFF President Hints Zidane Will Become PSG Manager
FFF President Hints Zidane Will Become PSG Manager / Quality Sport Images/GettyImages
facebooktwitterreddit

ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മാഡ്രിഡ് മാനേജറുമായ സിനദിൻ സിദാൻ പിഎസ്‌ജിയുടെ പരിശീലകനായേക്കുമെന്ന സൂചനകൾ നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രേയ്റ്റ്. ഖത്തർ ലോകകപ്പിനു ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് സിദാനെ നിയമിക്കാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"നമ്മൾ പറയുന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം. ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ഗുണങ്ങൾ തനിക്കുണ്ടെന്ന് സിദാൻ മാഡ്രിഡിനൊപ്പം കാണിച്ചു തന്നു. ഫ്രാൻസിലുള്ളവരുടെ മനസിൽ അദ്ദേഹം ഒരു പിൻഗാമി ആയിരിക്കാം. എന്നാൽ എന്റെ ലക്ഷ്യമതല്ല. നമുക്ക് നോക്കാം. ഞാനും ദെഷാംപ്‌സും വഴിപിരിയാൻ തീരുമാനിച്ചാൽ സിദാൻ പരിഗണിക്കപ്പെടുന്നവരിൽ ഒരാളായിരിക്കും."

"സിദാനായിരിക്കും ദെഷാംപ്‌സിനു പകരക്കാരനെന്ന് ഞാനിപ്പോൾ പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നമുക്ക് നോക്കാം. സിദാൻ ചിലപ്പോൾ പിഎസ്‌ജിയെ ഏറ്റെടുത്തേക്കാം. ഫ്രാൻസ് ദേശീയ ടീമിലെത്താൻ നിങ്ങൾക്ക് ഒഴിവുണ്ടായിരിക്കണം. എന്തായാലൂം ഇപ്പോൾ ദിദിയറിന് ലോകകപ്പിൽ ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം." ഗ്രെയ്റ്റ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയോട് പറഞ്ഞു.

റയൽ മാഡ്രിഡ് പരിശീലകനായുള്ള ആദ്യത്ത കാലഘട്ടത്തിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ സിദാനു പക്ഷെ ടീമിലേക്കുള്ള രണ്ടാം വരവിൽ അത്രയധികം ശോഭിക്കാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട അദ്ദേഹം നിലവിൽ ഒരു ടീമിന്റെയും ഓഫർ സ്വീകരിച്ചിട്ടില്ല. ഒന്നുകിൽ പിഎസ്‌ജിയോ അല്ലെങ്കിൽ ഫ്രാൻസ് ദേശീയടീമോ തന്നെ ആയിരിക്കും താരത്തിന്റെ അടുത്ത ലക്ഷ്യമെന്ന് അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit