Football in Malayalam

ബാഴ്‌സലോണ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന സിഗ്‌നൽ നൽകി ഫെറൻ ടോറസ്

Sreejith N
FBL-ENG-PR-NEWCASTLE-MAN CITY
FBL-ENG-PR-NEWCASTLE-MAN CITY / SCOTT HEPPELL/GettyImages
facebooktwitterreddit

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തന്നെ മുന്നേറ്റനിരയിൽ ഗോളുകൾ നേടാൻ കഴിയുന്ന താരങ്ങളുടെ അഭാവവുമാണ് ഈ സീസണിൽ ബാഴ്‌സലോണ വളരെ മോശം പ്രകടനം നടത്താൻ പ്രധാന കാരണമായിട്ടുള്ളത്. എന്നാൽ അതിൽ നിന്നും തിരിച്ചു വരവിനു തയ്യാറെടുക്കുന്ന ക്ലബ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.

ജനുവരിയിൽ ബാഴ്‌സലോണ ലക്ഷ്യമിട്ടുള്ള താരങ്ങളിൽ പ്രധാനിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ വിങ്ങറായ ഫെറൻ ടോറസ്. താരത്തെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി ബാഴ്‌സലോണക്ക് ഉണ്ടോയെന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ അഭ്യൂഹങ്ങൾ ശരി വെക്കുകയാണ് മുൻ വലൻസിയ താരം.

കഴിഞ്ഞ ദിവസം എൽഷെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയതിനു പിന്നാലെ ബാഴ്‌സലോണ പ്രതിരോധതാരം എറിക് ഗാർസിയ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിനു അഭിനന്ദനങ്ങളുമായി എത്തിയവരിൽ ഫെറൻ ടോറസുമുണ്ടായിരുന്നു. ഇതിലൂടെ ബാഴ്‌സയിലേക്ക് ചേക്കേറാൻ തനിക്ക് താൽപര്യമുണ്ടെന്നു വ്യക്തമാക്കുകയാണ് താരം ചെയ്‌തതെന്നാണ്‌ ആരാധകർ വിശ്വസിക്കുന്നത്.

അതേസമയം ഇതു മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിച്ച് കളിച്ചിട്ടുള്ള, സ്‌പാനിഷ്‌ ദേശീയ ടീമിൽ ഒപ്പം കളിക്കുന്ന രണ്ടു താരങ്ങൾ തമ്മിലുള്ള ആശയവിനിമയമായും ഇതു കണക്കാക്കാൻ കഴിയും. എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ഫെറൻ ടോറസ് ആഗ്രഹിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ വളരെ ശക്തിപ്പെടുമ്പോൾ അങ്ങിനെ ചിന്തിക്കാൻ ബാഴ്‌സ ആരാധകർ ഇഷ്ടപ്പെടുന്നില്ല.

2025 വരെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുള്ള, മാഞ്ചസ്റ്റർ സിറ്റി 70 മില്യൺ യൂറോ വരെ ആവശ്യപ്പെടുന്ന ഫെറൻ ടോറസിനെ സ്വന്തമാക്കൽ ബാഴ്‌സലോണയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും ബാഴ്‌സലോണ പ്രസിഡന്റ യോൻ ലപോർട്ടയും തമ്മിലുള്ള മികച്ച ബന്ധം അതിനു വഴിയൊരുക്കുമെന്നു തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit