ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസ്


ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോൺ കരാറിൽ ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ചു പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസ്. നിലവിൽ സ്പാനിഷ് ടീമിനൊപ്പം യുവേഫ നാഷൻസ് ലീഗിന്റെ ഫൈനലിൽ ഫ്രാൻസിനെ നേരിടാൻ തയ്യാറെടുക്കുന്ന താരം "അഭ്യൂഹങ്ങൾ എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ്" ജനുവരിയിൽ ട്രാൻസ്ഫറിനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ചത്.
വലൻസിയയിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്തു തന്നെ ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകൾക്ക് ടോറസിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും താരത്തെ കഴിഞ്ഞ സമ്മറിൽ ഇരുപതു മില്യൺ യൂറോയോളം നൽകി മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയായിരുന്നു. സിറ്റിയിൽ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം ലഭിക്കാത്തതു കൊണ്ടാണ് താരം ജനുവരിയിൽ ബാഴ്സയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്.
Manchester City star Ferran Torres has responded to reports linking him with a move to FC Barcelona.
— Kick Off (@KickOffMagazine) October 9, 2021
Read more ➡️ https://t.co/qjQsaCnons pic.twitter.com/vAovYgbaQI
"അഭ്യൂഹങ്ങൾ എല്ലായിപ്പോഴുമുണ്ടാകും, ഓരോ ദിവസവും നൂറു കണക്കിനാണു വന്നു കൊണ്ടിരിക്കുക," റേഡിയോ എസ്റ്റേഡിയോ നോചെയോട് സംസാരിക്കുമ്പോൾ ടോറസ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ക്ലബും മാഞ്ചസ്റ്റർ നഗരവും തനിക്ക് ഒരുപാട് സാധ്യതകൾ തുറന്നു തരുന്നുണ്ടെന്നും അവിടെ തനിക്ക് പലതും ചെയ്യാനുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
വലൻസിയയിൽ ഒരു വിങ്ങറായാണ് കളിച്ചിരുന്നതെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ താരത്തെ പലപ്പോഴും സ്ട്രൈക്കർ പൊസിഷനിലും ഗ്വാർഡിയോള ഉപയോഗിക്കാറുണ്ട്. തന്റെ ഗോളടി മികവ് കൃത്യമായി കാണിക്കാൻ കഴിഞ്ഞിട്ടുള്ള താരത്തിന് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 43 മത്സരങ്ങളിൽ 16 ഗോളും സ്പെയിനു വേണ്ടി 21 മത്സരങ്ങളിൽ നിന്നും 12 ഗോളും നേടാൻ കഴിഞ്ഞിട്ടുണ്ട്.
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തകർത്ത് സ്പെയിൻ യുവേഫ നാഷൻസ് കപ്പ് ഫൈനലിൽ ഇടം നേടിയപ്പോൾ ടീമിനു വേണ്ടി രണ്ടു ഗോളുകളും നേടിയത് ടോറസായിരുന്നു. പെപ് ഗ്വാർഡിയോള ഉപയോഗിക്കുന്നതു പോലെ ലൂയിസ് എൻറിക്വയും സ്ട്രൈക്കർ പൊസിഷനിൽ കളിപ്പിക്കുന്ന താരത്തിലാണ് സ്പെയിനിന്റെ കിരീടപ്രതീക്ഷയുള്ളത്.