Football in Malayalam

ബാഴ്‌സലോണക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ മോശം പ്രകടനം, ഫെറാൻ ടോറസിന് സോഷ്യൽ മീഡിയയിൽ ശകാരം വർഷം

Haroon Rasheed
Ferran Torres made his Barcelona debut against Real Madrid
Ferran Torres made his Barcelona debut against Real Madrid / FAYEZ NURELDINE/GettyImages
facebooktwitterreddit

സ്വന്തം ടീമിനായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ ബാഴ്‌സോലണയുടെ യുവ താരം ഫെറാന്‍ ടോറസിന് ആരാധകരുടെ ശകാര വര്‍ഷം. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ ടോറസിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തയത്.

രണ്ടാഴ്ച മുമ്പ് 55 മില്യന്‍ യൂറോ മുടക്കിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണ ടോറസിനെ ടീമിലെത്തിച്ചത്. ഇന്നലെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ സെമിയിലായിരുന്നു താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. റയല്‍ മാഡ്രിഡിനെതിരേ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ടോറസിനെ രണ്ടാം പകുതിയില്‍ പരിശീകന്‍ സാവി പിന്‍വലിക്കുകയും ചെയ്തിരുന്നു.

പകരം യുവതാരം അബ്ദുസമദ് എസല്‍ സോലിയെയായിരുന്നു സാവി കളത്തിലിറക്കിയത്. ടോറസിനെതിരേ പലരും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍ മറ്റു പലരും താരത്തെ സപ്പോര്‍ട്ട് ചെയ്യാനും മറന്നില്ല.

ചരിത്രത്തിലെ ഏറ്റവും മോശം അരങ്ങേറ്റമാണെന്നും പ്രതീക്ഷിച്ച അത്ര പ്രകടനം ടോറസിന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും പലരും കുറ്റപ്പെടുത്തി. എന്നാല്‍ താരത്തിന്റെ ആദ്യ മത്സരമാണിതെന്നും കാത്തിരുന്നാല്‍ മികച്ച റിസല്‍ട്ട് കിട്ടുമെന്നായിരുന്നു ടോറസിനെ പിന്തുണക്കുന്നവര്‍ ട്വിറ്ററിൽ കുറിച്ചത്. പുതിയ പരിശീലകന്‍ സാവി എത്തിയതിന് ശേഷമായിരുന്നു ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടോറസിനെ ടീമിലെത്തിച്ചത്.

റിയാദില്‍ നടന്ന മത്സരത്തില്‍ 3-2ന് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചിരുന്നു. കരീം ബെന്‍സെമ, വിനീഷ്യസ് ജൂനിയര്‍, വാര്‍വെര്‍ദെ എന്നിവര്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ലൂക്ക് ഡി യോങ്, അന്‍സു ഫാത്തി എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോറര്‍മാര്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit