"ഇതു ജീവിതത്തിലെ പ്രധാന ചുവടുവെപ്പ്"- ബാഴ്‌സലോണ ട്രാൻസ്‌ഫറിനോടു പ്രതികരിച്ച് ഫെറൻ ടോറസ്
By Sreejith N

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയത് തന്റെ ജീവിതത്തിലെയും കരിയറിലെയും പ്രധാന ചുവടുവെപ്പാണെന്ന് സ്‌പാനിഷ് മുന്നേറ്റനിര താരം ഫെറൻ ടോറസ്. ഏതാണ്ട് അറുപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ സിറ്റി വിട്ട താരം ബാഴ്‌സയുടെ ഒഫിഷ്യൽ മീഡിയയോട് സംസാരിക്കുകയായിരുന്നു.
"ഈ മഹത്തായ ക്ലബിൽ ചേരാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ ബാഴ്‌സലോണയെ അർഹിക്കുന്നതു പോലെ മികച്ചതാക്കാൻ സഹായിക്കുന്നതിനൊപ്പം ഒരു ഫുട്ബോൾ താരമെന്ന നിലയിലുള്ള വളർച്ച തുടരാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു."
❝I intend to help the team score goals, provide assists, and defend.❞
— FC Barcelona (@FCBarcelona) December 28, 2021
— @FerranTorres20 pic.twitter.com/7wEyKRqtDX
"ഇവിടെയെത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇതെന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ്. കൂടുതൽ മെച്ചപ്പെടാനും ഗോളുകൾ നേടുന്നത് തുടരാനും കഴിയുമെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളർച്ച കൈവരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ വന്നതിൽ ഈ ക്ലബ് സന്തോഷത്തിലാണ്, അവരോടൊപ്പം ചേരാൻ ഞാൻ കാത്തിരിക്കയാണ്."
പരിശീലകൻ സാവിയെക്കുറിച്ചും ടോറസ് സംസാരിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ സാവിയുടെ കരിയർ എനിക്കറിയാം, അത് അതിശയകരമായ ഒന്നാണ്. പരിശീലകനെന്ന നിലയിലും അദ്ദേഹം അതു പോലെ മികച്ചതാണ്. സാവി തുടങ്ങിയതേയുള്ളൂ. പക്ഷെ എന്നെ വളർച്ച കൈവരിക്കാനും മെച്ചപ്പെടാനും സഹായിക്കാനുള്ള നിലവാരം അദ്ദേഹത്തിനുണ്ട്. സാവിക്കൊപ്പം ചേരാൻ ഞാൻ കാത്തിരിക്കയാണ്." ടോറസ് പറഞ്ഞു.
ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിയുമെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ള ഫെറൻ ടോറസ് തനിക്ക് മുന്നേറ്റനിരയിലെ മൂന്നു പൊസിഷനുകളിലും കളിക്കാൻ കഴിയുമെന്നും വ്യക്തമാക്കി. ടീമിലെ താരങ്ങൾക്ക് പരിക്കു പറ്റുമ്പോൾ അതു വളരെയധികം ഗുണം ചെയ്യുമെന്നും ബാഴ്‌സലോണയെ ഗോളുകളും അസിസ്റ്റുകളുമായി താൻ സഹായിക്കുമെന്നും താരം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.