Football in Malayalam

ജനുവരിയിൽ ബാഴ്‌സലോണയിൽ പുതിയ താരങ്ങളെത്തും, സൂചനകൾ നൽകി ക്ലബ് സിഇഒ

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

പല പ്രധാന താരങ്ങളും ക്ലബ് വിട്ടതോടെ ഈ സീസണിൽ പതറുന്ന ബാഴ്‌സലോണക്ക് കരുത്തു പകരാൻ ജനുവരിയിൽ പുതിയ താരങ്ങളെത്തുമെന്ന സൂചനകൾ നൽകി ക്ലബ് സിഇഒ ഫെറൻ റെവെർട്ടർ. വരാനിരിക്കുന്ന വിന്റർ ട്രാൻസ്‌ഫർ ജാലകത്തിലും അതിനു ശേഷമുള്ള സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും പുതിയ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

കോവിഡ് മഹാമാരിയും മുൻ നേതൃത്വത്തിന്റെ കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങളും കാരണം നിലവിൽ വലിയ പ്രതിസന്ധി ബാഴ്‌സ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്. ഇക്കാരണം കൊണ്ടു തന്നെ ലയണൽ മെസിയടക്കമുള്ള താരങ്ങളെ അവർക്ക് ടീമിൽ നിന്ന് ഒഴിവാക്കേണ്ടിയും വന്നും. ഇപ്പോഴും പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ ജനുവരിയിൽ പ്രധാന താരങ്ങളൊന്നും ടീമിലെത്തില്ലെന്ന ആരാധകരുടെ ആശങ്കക്ക് ആശ്വാസം നൽകുന്നതാണ് റെവെർട്ടറുടെ വാക്കുകൾ.

"ബാഴ്‌സലോണക്ക് ജനുവരിയിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും താരങ്ങളെ സ്വന്തമാക്കാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. ബാഴ്‌സ താരങ്ങളെ സ്വന്തമാക്കുകയും ചെയ്യും. റെവെർട്ടർ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി. ഒസ്മാനെ ഡെംബലെയുമായി ക്ലബ് കരാർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

"തീർച്ചയായും ഞങ്ങൾക്ക് ഡെംബലെയുമായി കരാർ പുതുക്കാൻ കഴിയും. അതിന്റെ പ്രവർത്തനങ്ങൾക്ക് കുറച്ചു കൂടുതൽ സമയമെടുക്കും, കാരണം ഞങ്ങൾക്ക് അതേക്കുറിച്ച് വിശദമായി നോക്കേണ്ടതുണ്ട്." റെവെർട്ടർ വ്യക്തമാക്കി.

ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഫെറൻ ടോറസ്, റഹീം സ്റ്റെർലിങ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി മാർഷ്യൽ, എഡിസൺ കവാനി എന്നിവരെയാണ് ബാഴ്‌സലോണ നിലവിൽ പരിഗണിക്കുന്നത്. പുതിയ താരങ്ങളെത്തിയില്ലെങ്കിൽ ഈ വർഷം ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ബുദ്ധിമുട്ടുമെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit