നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തെ വെളിപ്പെടുത്തി ഫെർണാണ്ടോ ടോറസ്


തന്റെ കരിയറിലെ പ്രധാനപ്പെട്ട കാലഘട്ടം ലിവർപൂളിലും അത്ലറ്റികോ മാഡ്രിഡിലും ചിലവഴിച്ച ഫെർണാണ്ടോ ടോറസ് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ തന്റെ മുൻ ക്ലബുകൾ തമ്മിൽ നടന്ന പോരാട്ടം കാണാൻ സന്നിഹിതനായിരുന്നു. ആൻഫീൽഡിൽ വെച്ചു നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഡീഗോ ജോട്ട, സാഡിയോ മാനെ എന്നിവർ നേടിയ ഗോളുകളിൽ ലിവർപൂളാണു വിജയം കണ്ടത്.
മത്സരത്തിനു ശേഷം ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന ഫോമിൽ കുതിച്ചു കൊണ്ടിരിക്കുന്ന ലിവർപൂൾ താരം മൊഹമ്മദ് സലായെക്കുറിച്ചും ടോറസ് സംസാരിച്ചു. കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ലോകഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ താരങ്ങളെ എടുത്തു നോക്കിയാൽ അതിൽ സലാ ഉണ്ടാകുമെന്നാണ് ടോറസ് അഭിപ്രായപ്പെട്ടത്.
Fernando @Torres has no doubt that @MoSalah is currently the best player in the world ?
— Liverpool FC (@LFC) November 4, 2021
ഈ സീസണിൽ സലായുടെ ഫോമിനെക്കുറിച്ച് ചോദിച്ചപ്പോൾ ടോറസിന്റെ മറുപടി ഇങ്ങിനെയായിരുന്നു. " നൂറു ശതമാനം, ഈ സീസൺ മാത്രമല്ല, കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്."
"കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ താരങ്ങളെ എടുത്താൽ അതിൽ സലായും ഉണ്ടാകും. താരം എല്ലാ റെക്കോർഡുകളും തകർത്തെറിയുന്നത് നിങ്ങൾക്ക് കാണാൻ കഴിയും." ടോറസ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ താരം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിലും മിന്നുന്ന പ്രകടനം നടത്തുന്ന താരം പത്തു മത്സരങ്ങളിൽ നിന്നും പത്തു ഗോളുകളാണ് കണ്ടെത്തിയിരിക്കുന്നത്.