Football in Malayalam

പോർച്ചുഗൽ ഒരു ടീമാണ്; റൊണാൾഡോക്ക് ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയില്ല - ഫെർണാണ്ടോ സാന്റോസ്

Jouhar KK
Fernando Santos
Fernando Santos / Alexander Hassenstein/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉള്ളതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും, എന്നാൽ താരത്തിന് ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയില്ലെന്നും ഓർമപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ജർമനിയുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സാന്റോസ് ഇക്കാര്യം പറഞ്ഞത്.

യൂറോ 2020ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ 3-0ന് പരാജയപ്പെടുത്തിയപ്പോൾ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ, പോർച്ചുഗൽ ഒരു ടീമാണെന്നും, റൊണാൾഡോ എന്ന താരം മാത്രമല്ലെന്നും സാന്റോസ് തന്റെ പത്രസമ്മേളനത്തിൽ ഓർമപ്പെടുത്തി.

"റൊണാൾഡോയെ മാത്രമല്ല, എല്ലാ താരങ്ങളെയും എനിക്ക് മോട്ടിവേറ്റ് ചെയ്യണം. പോർച്ചുഗലിന്റെ മൂല്യം ഞങ്ങളുടെ ടീമിന്റെ അടിസ്ഥാനത്തിലാണ്," സാന്റോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

"റൊണാൾഡോ ഞങ്ങളുടെ ടീമിൽ ഉണ്ട് എന്നതിൽ സന്തോഷമുണ്ട്, അവൻ ഞങ്ങൾക്കൊപ്പമുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു, പക്ഷെ ക്രിസ്റ്റ്യാനോക്ക് ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയില്ല."

അതേ സമയം, ജർമൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്താണ് ആദ്യ മത്സരത്തിൽ ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയത്. ആ കളി താൻ വിലയിരുത്തിയിട്ടുണ്ടെന്നും സമാനമായൊരു ഗെയിം പ്ലാൻ തന്നെ താൻ ആവിഷ്‌കരിച്ചേക്കുമെന്നും പോർച്ചുഗൽ കോച്ച് സൂചന നൽകി.

"കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഫ്രാൻസ് പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. ലോംഗ് ബോളുകളാണ് പിന്നീട് അവർ ആശ്രയിച്ചത്. ചിലപ്പോൾ അത്തരമൊരു രീതി ഞങ്ങൾക്കും ആവശ്യമായി വരും. പക്ഷെ അതിന് ആദ്യം ഞങ്ങളുടെ കൈവശം പന്ത് ഉണ്ടാവണം," സാന്റോസ് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കളിയിൽ ഡാനിലോ പെരേര-വില്യം കർവാലോ ഡബിൾ പിവട്ട് ഉപയോഗിച്ച് ബോൾ കൈവശം വച്ച് കളിക്കുന്ന രീതി ആവിഷ്കരിച്ച സാന്റോസ് ഈ മത്സരത്തിൽ എന്താണ് പ്രയോഗിക്കുക എന്നത് കണ്ടറിയണം. ആദ്യ ഇലവനിലേക്ക് മധ്യനിര താരമായ ജോവോ മൗട്ടീനോയെ കൊണ്ട് വരാനും സാധ്യതയുണ്ടെങ്കിലും, ശക്തമായ ആക്രമണം കാഴ്ചവെക്കാൻ കഴിയുന്ന ജർമനിക്കെതിരെ പ്രതിരോധനിരക്ക് മുൻപിൽ ഹോൾഡിങ് മിഡ്ഫീൽഡർമാരായി രണ്ട് പേരെ കളിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ നറുക്ക് വീഴുക പെരേരക്കും, കർവാലോക്കും തന്നെയാകും.

ഇന്ന് ഇന്ത്യൻ സമയം രാത്രി 9:30നാണ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ മുൻ ലോക ചാംമ്പ്യന്മാരായ ജർമനിയെ നേരിടുന്നത്. ജയിച്ചാൽ പോർച്ചുഗലിന് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിക്കാനും ജർമനിക്ക് നോകൗട്ടിലേക്കുള്ള സാധ്യതകൾ ബലപ്പെടുത്താനും സാധിക്കും എന്നത് കൊണ്ട് മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. നിലവിൽ 3 പോയിന്റുകളോടെ പോർച്ചുഗൽ ഗ്രൂപ്പിൽ എഫിൽ ഒന്നാം സ്ഥാനത്തും പോയിന്റുകൾ ഒന്നും ഇല്ലാതെ ജർമ്മനി മൂന്നാം സ്ഥാനത്തുമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit