റൊണാൾഡോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് നല്ലൊരു അവസരമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഫെർണാണ്ടീഞ്ഞോ

By Gokul Manthara
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / Jonathan Moscrop/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്ന് സ്വന്തമാക്കാനുള്ള നല്ലൊരു അവസരം മാഞ്ചസ്റ്റർ സിറ്റിക്കുണ്ടായിരുന്നുവെന്ന് ക്ലബ്ബിന്റെ ബ്രസീലിയൻ താരം ഫെർണാണ്ടീഞ്ഞോ. കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച താരം, മാധ്യമങ്ങളിലൂടെയുണ്ടായ ബാഹ്യശബ്ദങ്ങൾ ഇരു കൂട്ടരും തമ്മിലുള്ള ചർച്ചകൾ വഴി മുട്ടാൻ ഇടയാക്കിയെന്നും കൂട്ടിച്ചേർത്തു.

"ഒരു നല്ല, ഗണ്യമായ അവസരമുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. എഡേഴ്സൺ, റൂബൻ ഡയസ് എന്നിവരുടെ കരാറുകൾ പുതുക്കാനും, ബെർണാർഡോ സിൽവ, ജോവോ കാൻസലോ എന്നിവരുടെ [ക്ലബിലെ] സാഹചര്യം മനസ്സിലാക്കാനും അദ്ദേഹത്തിൻറെ ഏജന്റ് ഇവിടെ ഉണ്ടായിരുന്നെന്ന് ഞാൻ കരുതുന്നു," റൊണാൾഡോയെ ടീമിലേക്ക് കൊ‌ണ്ടു വരുന്നതിനോട് മാഞ്ചസ്റ്റർ സിറ്റി എത്രത്തോളം അടുത്തിരുന്നുവെന്ന ചോദ്യത്തിന് ഫെർണാണ്ടീഞ്ഞോ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.

റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്താനുള്ള സാധ്യത ഉണ്ടായതോടെ ഒരുപാട് പ്രതീക്ഷകളും ക്ലബ്ബിൽ ഉയർന്നിരുന്നതായി ചൂണ്ടിക്കാട്ടുന്ന ഫെർണാണ്ടീഞ്ഞോ, മാധ്യമങ്ങളിലെ ബാഹ്യശബ്ദങ്ങളെല്ലാം മാഞ്ചസ്റ്റർ സിറ്റിയും റൊണാൾഡോയുടെ പാർട്ടിയും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടുന്നതിന് ഇടയാക്കിയെന്നും കൂട്ടിച്ചേർത്തു.

"അവനിവിടെ (റൊണാൾഡോ) എത്തിയേക്കുമെന്നുള്ള സാധ്യതക്കൊപ്പം ഒരുപാട് പ്രതീക്ഷകളും ഉയർന്നിരുന്നുവെന്ന് ഞാൻ കരുതുന്നു‌. ഇത് ആരാധകരെ മാത്രമല്ല, ക്ലബ്ബിനകത്തുള്ള ആളുകളേയും ബാധിക്കും എന്നതിൽ സംശയമില്ല. എന്നാൽ അവസാനം കാര്യങ്ങൾ ശരിയായില്ല. അദ്ദേഹം കരാർ പൂർത്തിയാക്കിയില്ല, ഒപ്പം നഗരത്തിന്റെ ചുവന്ന ഭാഗത്തേക്ക് പോവുകയും ചെയ്തു. ജീവിതം ഇങ്ങനെ പൊയ്ക്കൊണ്ടേയിരിക്കുന്നു," ഫെർണാണ്ടീഞ്ഞോ വ്യക്തമാക്കി.

അതേ സമയം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായതിന് ശേഷമായിരുന്നു തീർത്തും അപ്രതീക്ഷിതമായി റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. 12 വർഷങ്ങൾക്ക് ശേഷം തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം ക്ലബ്ബിനായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടി നിലവിൽ തകർപ്പൻ ഫോമിലാണുള്ളത്.


facebooktwitterreddit