Football in Malayalam

റൊണാൾഡോക്ക് പെനാൽറ്റിയെടുക്കാം, ഫ്രീ കിക്കുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്ന് ഫെർഡിനാൻഡ്

Sreejith N
Portugal v Israel - International Friendly
Portugal v Israel - International Friendly / Carlos Rodrigues/Getty Images
facebooktwitterreddit

റൊണാൾഡോ ടീമിലെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനു ലഭിക്കുന്ന പെനാൽറ്റികൾ താരത്തിനു നൽകാൻ ബ്രൂണോ ഫെർണാണ്ടസ് തയ്യാറാകുമെങ്കിലും ഫ്രീ കിക്കുകളുടെ കാര്യത്തിൽ അതു പൂർണമായും പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ക്ലബിന്റെ ഇതിഹാസതാരമായ റിയോ ഫെർഡിനാൻഡ്. റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ഫ്രീ കിക്കുകൾ പങ്കിടേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച റൊണാൾഡോ തിരിച്ചെത്തിയപ്പോൾ ക്ലബിന്റെ പെനാൽറ്റിയും ഫ്രീ കിക്കും ആരെടുക്കുമെന്ന ആകാംക്ഷ ആരാധകർക്ക് ഉണ്ടായിരുന്നു. 2020 ജനുവരിയിൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ ബ്രൂണോ ഫെർണാണ്ടസ് ഡെഡ് ബോൾ സാഹചര്യങ്ങളിൽ വളരെ മികവു പുലർത്തുന്ന കളിക്കാരൻ കൂടിയാണ്.

"ബ്രൂണോ പെനാൽറ്റികൾ റൊണാൾഡോക്കു വേണ്ടി വിട്ടു കൊടുക്കുമെങ്കിലും ഫ്രീ കിക്കുകളുടെയും കോർണറുകളുടെയും കാര്യത്തിൽ അതു പ്രതീക്ഷിക്കാൻ കഴിയില്ല. ബോക്‌സിനു ചുറ്റുമുള്ള ഫ്രീ കിക്കുകൾ താരം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്. താരത്തിന്റെ റെക്കോർഡും അതു തന്നെയാണ് പറയുന്നത്."

"റൊണാൾഡോ പെനാൽറ്റികൾ എടുക്കുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അക്കാര്യത്തിൽ അവർ ധാരണയിൽ എത്തിയിട്ടുണ്ട്. പക്ഷെ ബോക്‌സിനു ചുറ്റുമുള്ള ഫ്രീകിക്കുകൾ ബ്രൂണോയെടുത്ത് വലക്കുള്ളിലേക്ക് എത്തിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," ഫൈവ് യൂട്യൂബ് ചാനലിനോട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധതാരം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾസ്കോററെന്ന ചുമതല റൊണാൾഡോക്ക് നൽകാൻ ബ്രൂണോ ഫെർണാണ്ടസിന് സന്തോഷമായിരിക്കുമെന്നും ഫെർഡിനാൻഡ് പറഞ്ഞു. കൂടുതൽ ഗോളുകൾ നേടാൻ കഴിയുന്ന ഒരു താരം ടീമിൽ എത്തുന്നതോടെ കിരീടങ്ങൾ നേടാനുള്ള സാധ്യത വർധിക്കുമെന്നാണ് താരം ചിന്തിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit