വിജയങ്ങൾ നേടാനുള്ള വേദി റൊണാൾഡോക്ക് ഒരുക്കിക്കൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ലെന്ന് ഫെർഡിനാൻഡ്

Ferdinand Says Man Utd Failed To Give Ronaldo 'Platform For Success'
Ferdinand Says Man Utd Failed To Give Ronaldo 'Platform For Success' / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനം കാഴ്‌ച വെച്ചതിനു ക്രിസ്റ്റ്യാനോ റൊണാൾഡോ ഉത്തരവാദിയല്ലെന്നും വിജയങ്ങൾ നേടാൻ കഴിയുന്ന ഒരു വേദി റൊണാൾഡോക്ക് ഒരുക്കിക്കൊടുക്കാൻ ക്ലബിന് കഴിഞ്ഞില്ലെന്നും റിയോ ഫെർഡിനാൻഡ്. ഫുട്ബോൾ ജോയുടെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് റൊണാൾഡോ അർഹിച്ച വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹായിച്ചില്ലെന്ന് ഫെർഡിനാൻഡ് കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ കൂടിയെത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷ കൂടുതൽ ഉയർന്നിരുന്നു. തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച് റൊണാൾഡോ ക്ലബിന്റെ ടോപ് സ്കോററായി റൊണാൾഡോ മാറിയെങ്കിലും ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

"വ്യക്തിഗതമായി നോക്കുകയാണെങ്കിൽ റൊണാൾഡോ ചെയ്യുന്നത് താരം ചെയ്‌തിട്ടുണ്ട്‌. ഗോളുകൾ നേടാനും വിജയങ്ങൾ സ്വന്തമാക്കാനും കഴിഞ്ഞ റൊണാൾഡോ ഇല്ലായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പോലും എത്തില്ലായിരുന്നു. തന്നെ സ്വന്തമാക്കിയ ഉടമ്പടിക്ക് പകരം നൽകി പലപ്പോഴും വിജയഗോളുകൾ താരം നേടി."

"പക്ഷെ താരത്തിന് വിജയം നേടാനുള്ള ഒരു വേദി ഉണ്ടാക്കി നൽകുകയെന്ന ഉത്തരവാദിത്വം ക്ലബ് നിറവേറ്റിയില്ല. ഇതു കാണിക്കുന്നത് മഹത്തായ താരങ്ങൾ, എക്കാലത്തെയും മികച്ച താരങ്ങളെന്ന വിലയിരുത്തലുകൾ ലഭിച്ചവർ - റൊണാൾഡോയും അതിലൊരാളാണ് - അവർക്കത് ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്നും സഹതാരങ്ങൾ സഹായത്തിനായി വേണമെന്നും ഇതു വ്യക്തമാക്കുന്നു." ഫെർഡിനാൻഡ് പറഞ്ഞു.

നേരത്തെ ക്ലബിന്റെ താൽക്കാലിക പരിശീലകനായിരുന്ന റാൾഫ് റാങ്നിക്കും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലൂയിസ് ഡയസ്, വ്ളാഹോവിച്ച് തുടങ്ങി നാലോളം താരങ്ങളിൽ ഒരാളെ സ്വന്തമാക്കാൻ നേതൃത്വത്തോട് പറഞ്ഞുവെങ്കിലും അവരത് നിഷേധിച്ചുവെന്നാണ് റാങ്നിക്ക് പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.