റൊണാൾഡോക്ക് വേണ്ട പിന്തുണ ലഭിച്ചില്ല, അത്ലറ്റികോ മാഡ്രിഡിനെതിരെ താരത്തിന്റെ നിരാശയുടെ കാരണം വ്യക്തമാക്കി ഫെർഡിനാൻഡ്

Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നിരാശ കളിക്കളത്തിൽ പ്രകടിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോവോ ഫെലിക്‌സ് നേടിയ ഗോളിൽ എൺപതാം മിനുട്ട് വരെയും പിന്നിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്തണി എലാങ്കയിലൂടെയാണ് സമനില നേടിയത്.

ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതിരുന്ന റൊണാൾഡോയെ സംബന്ധിച്ച് നിരാശയുടെ ദിവസമായിരുന്നു ഇന്നലത്തേത്. രണ്ടു ക്രോസുകൾ വന്നപ്പോൾ താൻ മാത്രമാണ് ബോക്‌സിൽ ഉള്ളതെന്നു മനസിലാക്കിയ റൊണാൾഡോ അതിനു ശേഷം തന്റെ നിരാശ പ്രകടമാക്കി സഹതാരങ്ങളോട് കൂടുതൽ പിന്തുണ നൽകാനും ആക്രമണം നടത്താനും ആവശ്യപ്പെട്ടിരുന്നു.

"റൊണാൾഡോ മാത്രമാണ് ബോക്‌സിൽ ഉണ്ടായിരുന്നത്. അത്ലറ്റികോ മാഡ്രിഡിനെതിരെ നിങ്ങൾക്ക് പന്തു ക്രോസ് ചെയ്യാനുള്ള ഒരു അവസരം ലഭിച്ചാൽ കൂടുതൽ ആളുകൾ ബോക്‌സിനുള്ളിൽ വേണം, ഒരാൾ മതിയാവില്ല. അതുകൊണ്ടാണ് റൊണാൾഡോ തന്റെ നിരാശ പ്രകടിപ്പിക്കുന്നതു കാണേണ്ടി വന്നത്. താരം ഇന്നു നിശബ്‌ദമായിരുന്നു"

"പക്ഷെ ആരാണ് ബോക്‌സിൽ ഉണ്ടായിരുന്നത്? റൊണാൾഡോ ഉണ്ടായിരുന്നെങ്കിലും ചുവപ്പും വെളുപ്പും വരയിലുള്ള എട്ടോളം അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ കൂടെയുണ്ടായിരുന്നു. താരത്തിന്റെ പ്രതികരണം നോക്കുക, അതെല്ലാം പറയുന്നു. കൈകൾ വായുവിൽ എറിഞ്ഞ് നിരാശനായി 'ഒരൊറ്റ താരം മാത്രം' എന്നു പറയുന്നു." ഫെർഡിനാൻഡ് ബിടി സ്പോർട്ടിനോട് പറഞ്ഞു.

ആദ്യപാദത്തിൽ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പാദത്തിൽ താരം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. യുവന്റസിൽ കളിക്കുന്ന സമയത്ത് അത്ലറ്റികോ മാഡ്രിഡിനെതിരെ ആദ്യപാദത്തിൽ രണ്ടു ഗോളുകൾക്കു തോറ്റ് രണ്ടാം പാദത്തിൽ ഹാട്രിക്ക് നേടി ടീമിനെ മുന്നേറാൻ സഹായിച്ചതു പോലെയുള്ള ഒരു പ്രകടനം ഓൾഡ് ട്രാഫോഡിൽ താരം നടത്തുമെന്ന് ആരാധകർ കരുതുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.