ഈ വർഷത്തെ ബാലൺ ഡി ഓർ അർഹിക്കുന്നതു മെസിയല്ല, പുരസ്‌കാരം ആരു നേടണമെന്നു പറഞ്ഞ് മുൻ പ്രീമിയർ ലീഗ് താരങ്ങൾ

Sreejith N
Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ആറു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി ഇത്തവണ പുരസ്‌കാരം അർഹിക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഡിഫൻഡർ റിയോ ഫെർഡിനാൻഡും ലിവർപൂളിന്റെ സ്‌ട്രൈക്കറായ പീറ്റർ ക്രൗച്ചും അഭിപ്രായപ്പെട്ടു. ബിടി സ്പോർട്ടിന്റെ ഫുട്ബോൾ പണ്ഡിറ്റുകളായ ഇരുവരും റോബർട്ട് ലെവൻഡോസ്‌കിയാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹനെന്നാണ് വിലയിരുത്തുന്നത്.

1993നു ശേഷം അർജന്റീനയെ ഒരു കിരീടനേട്ടത്തിലേക്ക് നയിക്കുകയും കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്‌കോറർ ആവുകയും ചെയ്‌ത മെസിക്ക് ഇത്തവണ പുരസ്‌കാരം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്‌ത അഭിപ്രായവുമായി ഫെർഡിനാൻഡും ക്രൗച്ചും രംഗത്തെത്തിയത്. ബിടി സ്പോർട്ടിന്റെ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു രണ്ടു മുൻ പ്രീമിയർ ലീഗ് താരങ്ങളും.

"സത്യസന്ധമായി പറയുകയാണെങ്കിൽ ലയണൽ മെസിയുടെ പേരിൽ തർക്കിക്കാൻ എനിക്കാവില്ല. പക്ഷെ, ഞാൻ ചിന്തിക്കുന്നത് ലെവൻഡോസ്‌കി ഇത്തവണ ബാലൺ ഡി ഓർ നേടിയില്ലെങ്കിൽ അതു പരിഹാസ്യമായിരിക്കും. അദ്ദേഹം ഈ വർഷം നേടിയ ഗോളുകൾ പരിഗണിക്കുമ്പോൾ - ഒക്ടോബർ വരെ മാത്രം താരം 22 ഗോളുകൾ നേടിയിട്ടുണ്ട് - ഞാൻ മെയ് വരെ പോലും 22 ഗോളുകൾ നേടിയിട്ടില്ല."

"അതു വളരെ സ്പെഷ്യലായ കാര്യമാണ്, അദ്ദേഹം സ്പെഷ്യലായ കളിക്കാരനുമാണ്. റൊണാൾഡോയും മെസിയും എല്ലായിപ്പോഴും ഒരു അളവുകോലാണ്, എല്ലായിപ്പോഴുമതെ. എന്നാൽ റോബർട്ട് ലെവൻഡോസ്‌കി, ഇതദ്ദേഹത്തിന്റെ സമയമാണ്, താരം തന്നെ അതീ വർഷം നേടാൻ സാധ്യതയുണ്ട്," ക്രൗച്ച് പറഞ്ഞു.

"ഈ കലണ്ടർ വർഷത്തിൽ 38 മത്സരങ്ങളിൽ നിന്നും 50 ഗോളുകൾ നേടിയിട്ടുണ്ട്. ആരും അതിനടുത്തെത്തിയിട്ടില്ല. എല്ലാത്തരം ഗോളുകളും നേടാൻ അദ്ദേഹത്തിനു കഴിയുന്നു, അതാണ് എനിക്കു താരത്തിൽ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം," ക്രൗച്ചിനെ പിന്തുണച്ച് ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു.

അതേസമയം ഈ വർഷം ആരാണ് പുരസ്‌കാരം നേടുകയെന്ന് ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ തുറന്ന പോരാട്ടമാണ് നടക്കുന്നത് എന്നതു കൊണ്ട് മെസിക്ക് പുരസ്‌കാരം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.


facebooktwitterreddit