ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്കു നൽകിയ പ്രചോദനത്തെക്കുറിച്ചു വെളിപ്പെടുത്തി യുവന്റസ് സൂപ്പർതാരം ഫെഡറികോ കിയേസ
By Sreejith N

ഫിയോറെന്റീനയിൽ കളിച്ചിരുന്നപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നെങ്കിലും കഴിഞ്ഞ യൂറോ കപ്പ് കിരീടം ഇറ്റലി നേടിയതോടെ ഫെഡറികോ കിയേസയുടെ ഗ്രാഫ് വളരെയധികം ഉയരുകയുണ്ടായി. ഏതു പ്രതിരോധത്തെയും കീറി മുറിക്കാൻ കഴിവുള്ള മുന്നേറ്റനിരതാരം യുവന്റസ് പോലെ ഡിഫൻസീവ് ശൈലിയിലൂന്നി നിൽക്കുന്ന ഒരു ടീമിലല്ല കളിക്കേണ്ടതെന്ന അഭിപ്രായം അതിനു ശേഷം പലരും പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
കിയേസയെ സ്വന്തമാക്കാൻ താൽപര്യമുള്ള നിരവധി ക്ലബുകളിലൊന്ന് മാഞ്ചസ്റ്റർ യുണൈറ്റഡാണെന്നാണ് അഭ്യൂഹങ്ങൾ. താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കെ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ തനിക്ക് നൽകിയ പ്രചോദനത്തെ കുറിച്ച് ഇറ്റാലിയൻ താരം വെളിപ്പെടുത്തുകയുണ്ടായി. തന്റെ ആരാധനാ പാത്രങ്ങളായ കക്ക, ഡെൽ പിയറോ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും താരം പരാമർശിച്ചത്.
"താരത്തിന്റെ സമർപ്പണ ബോധവും മാനസികമായ കരുത്തും ഏതൊരു സാഹചര്യത്തിലും മുന്നിലേക്ക് വരാനും നിർണായക ശക്തിയാവാനുമുള്ള കഴിവും എനിക്ക് വലിയ പ്രചോദനമാണ്." ഇറ്റാലിയൻ മാധ്യമമായ റിപ്പബ്ലിക്കയോട് സംസാരിക്കുമ്പോൾ കിയേസ പറഞ്ഞു.
"ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു ഗ്രഹത്തിൽ നിന്നുമാണ് വരുന്നത്. റൊണാൾഡോക്കൊപ്പം പരിശീലനം നടത്തുന്നതും കരുത്തിനായി താരം നടത്തുന്ന പ്രവർത്തനങ്ങളും ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങളാണ്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനൊപ്പം കുറച്ചു കാലം ചിലവഴിക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ കളി കാണാൻ കഴിഞ്ഞതും എനിക്കു ലഭിച്ച ഭാഗ്യമാണ്." കിയേസ വ്യക്തമാക്കി.
ഈ സീസണിൽ യുവന്റസിന്റെ തുടക്കം മോശമായിരുന്നെങ്കിലും അവസാന അഞ്ചു ലീഗ് മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുകൾ നേടിയെടുത്ത് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ടീം കാഴ്‌ച വെക്കുന്നുണ്ട്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ററിനെ പ്രശംസിച്ച കിയേസ തങ്ങളുടെ പ്രകടനത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.