എൽ ക്ലാസികോ: റയൽ മാഡ്രിഡ് താരങ്ങൾക്ക് ബാഴ്സലോണയെ തോൽപ്പിക്കാനുള്ള ഉത്സാഹമുണ്ടെന്ന് ഫെഡെ വാൽവെർദെ


ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിനു പന്തുരുളാനിരിക്കെ ബാഴ്സയെ കീഴടക്കി മൂന്നു പോയിന്റുകൾ സ്വന്തമാക്കുകയെന്ന ലക്ഷ്യവും അതിനുള്ള ഉത്സാഹവും റയൽ മാഡ്രിഡ് താരങ്ങൾക്കുണ്ടെന്ന് ടീമിലെ മധ്യനിര താരമായ ഫെഡെ വാൽവെർദെ. മത്സരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തനിക്കു ചെറിയൊരു പരിഭ്രമമുണ്ടെങ്കിലും ഇത്തരത്തിലുള്ള മത്സരങ്ങളിൽ കളിക്കാൻ കഴിയുന്നത് തനിക്ക് അഭിമാനമാണെന്നും യുറുഗ്വായ് താരം പറഞ്ഞു.
"എനിക്കു ചെറിയൊരു പരിഭ്രമമുണ്ട്, അതുപോലെ തന്നെ ആവേശവും ഇതു പോലെയുള്ള മത്സരങ്ങളിൽ കളിക്കാൻ കഴിയുന്നതിൽ അഭിമാനവും. റയൽ മാഡ്രിഡ് താരങ്ങൾ ഈ മത്സരം വിജയിക്കാൻ കഴിയുമെന്ന ഉത്സാഹത്തിലാണ്. ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയെന്നതാണ് നിർണായകം. ആര് തന്നെ കളിച്ചാലും, സ്റ്റാർട്ടിങ് ഇലവനിലോ അതിനു ശേഷമോ ആവട്ടെ, കോച്ചിങ് സ്റ്റാഫിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാവണം." റയൽ മാഡ്രിഡ് ടിവിയോട് വാൽവെർദെ പറഞ്ഞു.
റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ നടന്ന അവസാനത്തെ എൽ ക്ലാസിക്കോ മത്സരത്തെക്കുറിച്ചും വാൽവെർദെ സംസാരിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിൽ ഫെഡെ വാൽവെർദെക്ക് ബാഴ്സലോണക്കെതിരെ ഗോൾ കണ്ടെത്താനും കഴിഞ്ഞിരുന്നു.
"ഞാനാദ്യം ഓർക്കുന്നത് എന്റെ ഗോളാണ്. തീർച്ചയായും വിജയവും ഓർക്കുന്നുണ്ട്. നമ്മൾ ഗോൾ നേടുകയും ടീം വിജയിക്കുകയും ചെയ്യുന്നത് വളരെ നല്ല അനുഭവമാണ്, ഒരു ഡബിൾ ഡോസ് സന്തോഷം പോലെ. ഇതുപോലെയുള്ള മത്സരങ്ങളിൽ ഗോൾ നേടുകയെന്നത് ഫുട്ബോളിലെ മഹത്തരമായ കാര്യമാണ്." അതു തനിക്കൊരു സവിശേഷ ദിവസമായിരുന്നു എന്നും വാൽവെർദെ വ്യക്തമാക്കി.
ഈ സീസണിലെ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സയേക്കാൾ മുൻതൂക്കം റയൽ മാഡ്രിഡിനുണ്ടെന്നത് വ്യക്തമാണ്. ലയണൽ മെസി ടീം വിട്ടതിന്റെ അഭാവത്തിൽ ഈ സീസണിൽ ബാഴ്സ പതറുമ്പോൾ റയൽ മാഡ്രിഡ് നിലവിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരാണ്. കഴിഞ്ഞ മത്സരത്തിൽ ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസവും അവർക്കുണ്ട്.