ബാഴ്സലോണക്കു വേണ്ടി ഒരിക്കലും കളിക്കില്ലെന്ന് വാൽവെർദെ, എംബാപ്പക്ക് പ്രശംസ


കരിയറിൽ ഒരിക്കലും ബാഴ്സലോണക്കു വേണ്ടി കളിക്കില്ലെന്നു വ്യക്തമാക്കി റയൽ മാഡ്രിഡ് താരമായ ഫെഡെ വാൽവെർദെ. റയൽ മാഡ്രിഡ് ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തി പ്രധാന കളിക്കാരനായി മാറിയ വാൽവെർദെ തന്നെ താനാക്കിയ ക്ലബിനോടുള്ള ബഹുമാനാർത്ഥമാണ് പ്രധാന എതിരാളികളായ ബാഴ്സലോണക്കു വേണ്ടി ഒരിക്കലും കളിക്കില്ലെന്ന തീരുമാനം എടുത്തത്.
റയൽ മാഡ്രിഡ് വളരെ സ്പെഷ്യലാണ്, അവരാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഞാൻ പേനറോളിൽ നിന്നാണ് വന്നത്. ഇവിടെ എത്തിയതു മുതൽ ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്സിയാണ് ഞാൻ അണിയുന്നതെന്ന് എനിക്കറിയാമായിരുന്നു. അതു വളരെ വലിയ ഉത്തരാവാദിത്വവും സമ്മർദ്ദവുമാണ്, പക്ഷെ ഞാനത് ആസ്വദിക്കുന്നു." എൽ ലാർഗുവേരയോട് വാൽവെർദെ പറഞ്ഞു.
"റയൽ മാഡ്രിഡിനോടുള്ള ബഹുമാനാർത്ഥം, അവർ എനിക്ക് നൽകിയ മൂല്യങ്ങളെ മാനിച്ച് ഞാനൊരിക്കലും ബാഴ്സലോണക്കു വേണ്ടി കളിക്കില്ല. എന്നെ ഊട്ടിയ, എനിക്ക് ജീവിതം തന്ന, ഒരുപാട് സ്നേഹം തന്ന, ഒരുപാട് മൂല്യങ്ങൾ നൽകിയ ഈ ബാഡ്ജിനോടുള്ള ബഹുമാനം കൊണ്ടു തന്നെയാണത്." വാൽവെർദെ വ്യക്തമാക്കി.
അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ എത്താനിടയുള്ള പിഎസ്ജി താരം കിലിയൻ എംബാപ്പയെയും വാൽവെർദെ പ്രശംസിച്ചു. എതിരാളിയായാണ് എംബാപ്പയെ ലഭിച്ചിട്ടുള്ളതെങ്കിലും വളരെ മികച്ച കളിക്കാരനാണ് താരമെന്നാണ് വാൽവെർദെ പറയുന്നത്. ചെറുപ്പക്കാരനാണെങ്കിലും വളരെ പരിചയസമ്പത്ത് കാണിക്കുന്ന താരത്തിന്റെ സ്വഭാവഗുണങ്ങൾ മറ്റാർക്കുമില്ലാത്തതാണെന്നും വാൽവെർദെ കൂട്ടിച്ചേർത്തു.
ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർ റയൽ മാഡ്രിഡ് വിട്ടാൽ വാൽവെർദെക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെങ്കിലും അതാവശ്യമില്ലെന്നാണ് താരം പറയുന്നത്. ഈ രണ്ടു താരങ്ങളെയും താൻ ആസ്വദിക്കുകയാണെന്നും കൂടുതൽ കളിക്കുംതോറും കൂടുതൽ മെച്ചപ്പെട്ടു വരുന്ന അവരിൽ മോഡ്രിച്ചിന് വിജയം നേടാനുള്ള ആഗ്രഹവും ക്രൂസിന് ശാന്തതയുമാണ് ഉള്ളതെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.