Football in Malayalam

മികച്ച സ്ക്വാഡുണ്ടായിട്ടും അടിപതറുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് സോൾഷെയർ ഇനി എത്ര കാലം?

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് നിലവിൽ ഒലെ ഗുണ്ണാര്‍ സോൾഷെയർ എന്ന നോര്‍വീജിയന്‍ പരിശീലകന്റേത്. ലോകോത്തര നിലവാരമുള്ള താരങ്ങളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെയും വെച്ച് പിറകിലേക്ക് നടക്കുന്നതിന്റെ പ്രധാന കാരണക്കാരനായി പലരും കാണുന്നത് സോൾഷെയറാണ്. ഈ സീസണിൽ യുണൈറ്റഡ് നിരവധി ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും എന്താണ് സോൾഷെയറുടെ കാര്യത്തില്‍ യുണൈറ്റഡ് തീരുമാനമെടുക്കാത്തതെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനെ ലീഗിലെ രണ്ടാം സ്ഥാനക്കാരാക്കാന്‍ സോൾഷെയർക്ക് കഴിഞ്ഞു എന്ന സത്യം മുന്നിലുണ്ട്. എന്നാല്‍ പുതിയ സീസണില്‍ സോൾഷെയർക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളുടെ നിരയിൽ പെടുന്ന പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, അർദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കെല്‍പുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ച ജേഡൻ സാഞ്ചോ, റാഫേൽ വരാൻ എന്നിവര്‍ ഉണ്ടായിരുന്നിട്ടും യുണൈറ്റഡിന് എവിടെയാണ് പിഴക്കുന്നത്.

Cristiano Ronaldo
ക്രിസ്റ്റ്യാനോ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിൽ, പലപ്പോഴും നിസ്സഹായനാണ് താരവും / Michael Regan/GettyImages

ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച 11 മത്സരങ്ങളിൽ അഞ്ചെണ്ണത്തില്‍ മാത്രമാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. നാലു തോല്‍വിയും രണ്ട് സമനിലയുമുണ്ട്. ചാംപ്യന്‍സ് ലീഗിലെ നാലു മത്സരത്തില്‍ രണ്ട് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെയാണ് ചുവന്ന ചെകുത്താന്മാരുടെ സമ്പാദ്യം.

റൊണാള്‍ഡോ കൂടി ടീമിലെത്തിയതോടെ മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും എവിടെയാണ് പിഴക്കുന്നതെന്ന് ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല. സോൾഷെയറുടെ പിടിപ്പുകേടുകൊണ്ടാണ് ടീം തോല്‍ക്കുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ലിവര്‍പൂളിന് പരാജയപ്പെട്ടപ്പോള്‍ തന്നെ സോൾഷെയറുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിരുന്നു. എന്നാല്‍ പിന്നീട് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കുകയും, ചാംപ്യന്‍സ് ലീഗില്‍ അറ്റലാന്റക്കെതിരെ സമനില നേടുകയും ചെയ്തതോടെ സോൾഷെയർ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് പരാജയം രുചിച്ചതോടെ സോൾഷെയറുടെ ക്ലബിലെ നിലനില്‍പ് വീണ്ടും കരിനിഴലിലായി.

Bruno Fernandes
ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങൾക്ക് ഒലെക്കു കീഴിൽ ടീം ഉയർന്നു വരുമെന്ന വിശ്വാസം നഷ്‌ടമായതായി റിപ്പോർട്ടുകളുണ്ട് / Clive Brunskill/GettyImages

യുണൈറ്റഡിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് സോൾഷെയറിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുണൈറ്റഡ് മാനേജ്‌മെന്റ് പരിശീലകന്റെ കാര്യത്തില്‍ കാര്യമായ തീരുമാനമൊന്നും എടുത്തിട്ടില്ല. കാരണം യുണൈറ്റഡിന്റെ ബോര്‍ഡില്‍ സോൾഷെയറെ പിന്തുണക്കുന്ന ഒരു വിഭാഗം ഉണ്ട്, അത് കൊണ്ട് തന്നെയാണ് സോൾഷെയറെ മാറ്റുന്നതിനെ കുറിച്ച് അവർ ചിന്തിക്കാത്തത്.

ഒരുപക്ഷെ ഈ സീസണ്‍ അവസാനം വരെ സോൾഷെയർക്ക് ക്ലബില്‍ തുടരാന്‍ യുണൈറ്റഡ് അനുവാദം നല്‍കിയേക്കും. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് സോൾഷെയർക്ക് പകരക്കാരനെ കണ്ടെത്തുന്നതിൽ ക്ലബിൽ കൃത്യമായൊരു പദ്ധതി നിലവിൽ ഇല്ല എന്നതാണ്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കോണ്ടെ ടോട്ടനത്തിന്റെ ചുമതല ഏറ്റെടുത്തു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിനദിൻ സിദാനേയും പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.

Zinedine Zidane
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിദാന് താല്പര്യമില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. / Juan Manuel Serrano Arce/GettyImages

അതിനാല്‍ സീസണ്‍ അവസാനം വരെയോ അല്ലെങ്കില്‍ പേരുകേട്ടൊരു പരിശീലനെ ലഭിക്കുന്നത് വരെയോ യുണൈറ്റഡ് സോൾഷെയറുടെ കാര്യത്തില്‍ മൗനം പാലിച്ചേക്കും. രണ്ടാമാതായി ഇനി പുതിയൊരു പരിശീലകനെ എത്തിച്ചാല്‍ ടീമുമായി ഇഴകിച്ചേരാന്‍ സമയം എടുക്കുമെന്നതിനാലുമാകാം സോള്‍ഷ്യാറുടെ കാര്യത്തില്‍ യുനൈറ്റഡ് തീരുമാനമെടുക്കാന്‍ വൈകുന്നത്. എന്തായാലും, ടീമിന്റെ പ്രകടനം വരും മത്സരങ്ങളിൽ മെച്ചപ്പെടുന്നില്ലെങ്കിൽ, നിലവിലെ പിന്തുണ സോൾഷെയർക്ക് നഷ്ടമാകാനും, പരിശീലകസ്ഥാനം തെറിക്കാനും സാധ്യതകളേറെയാണ്.

സോൾഷെയർക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാമെങ്കിലും, കിരീടങ്ങളിലേക്ക് ക്ലബ്ബിനെ നയിക്കാൻ അദ്ദേഹത്തിനാകുമോ എന്ന ചോദ്യം വീണ്ടും വീണ്ടും ഉയരുകയാണ്. ടീമിന്റെ നിലവിലെ സ്ഥിതി വെച്ച് പറയുകയാണെങ്കിൽ, 'സോൾഷെയർ എപ്പോൾ യുണൈറ്റഡിനെ കിരീടത്തിലേക്ക് നയിക്കും' എന്നതിനേക്കാൾ അനുയോജ്യമായ ചോദ്യം 'സോൾഷെയറെ യുണൈറ്റഡ് എപ്പോൾ പുറത്താക്കുമെന്നാണ്'.


facebooktwitterreddit