'കൊളംബിയൻ ക്രിസ്റ്റ്യാനോ റൊണാൾഡോ' ലിവർപൂളിലേക്ക്, ട്രാൻസ്ഫറിന്റെ കാര്യത്തിൽ ക്ലബുകൾ ധാരണയിലെത്തി


'കൊളംബിയൻ ക്രിസ്റ്റ്യാനോ റൊണാൾഡോ' എന്ന പേരിൽ അറിയപ്പെടുന്ന പോർട്ടോ മുന്നേറ്റനിര താരം ലൂയിസ് ഡയസ് ലിവർപൂളിലേക്ക്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാനായിരുന്നു ലിവർപൂൾ കരുതിയതെങ്കിലും ഡയസിനായി ടോട്ടനം ഹോസ്പർ നീക്കങ്ങൾ ആരംഭിച്ചതോടെ ജനുവരിയിൽ തന്നെ ട്രാൻസ്ഫർ പൂർത്തീകരിക്കാൻ റെഡ്സ് തീരുമാനിക്കുകയായിരുന്നു.
ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ ക്ലബായ പോർട്ടോയും ലിവർപൂളും തമ്മിൽ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായി ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. 45 മില്യൺ യൂറോ ഫീസും പതിനഞ്ചു മില്യൺ യൂറോയുടെ പ്രകടനം കണക്കാക്കിയുള്ള ആഡ് ഓണുകളും എന്ന ലിവർപൂളിന്റെ ഓഫർ പോർട്ടോ സ്വീകരിക്കുകയായിരുന്നു.
? Liverpool on course to sign Luis Diaz from Porto before transfer window shuts. Sources expect fee of around €60m including add-ons to be agreed. 25yo Colombia winger also targeted by Tottenham but is believed to have opted for #LFC @TheAthleticUK #THFC https://t.co/AS1rWMP4KB
— David Ornstein (@David_Ornstein) January 28, 2022
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ലിവർപൂളുമായി നടന്ന രണ്ടു മത്സരങ്ങളിലും ലൂയിസ് ഡയസ് കളിച്ചിരുന്നു. രണ്ടു കളികളിലും ലിവർപൂൾ തന്നെയാണ് ജയിച്ചതെങ്കിലും ക്ലബിന്റെ സ്കൗട്ടുകൾക്ക് ഡയസിന്റെ പ്രകടനത്തെക്കുറിച്ച് വലിയ മതിപ്പുണ്ടായതിനെ തുടർന്നാണ് താരത്തെ പ്രീമിയർ ലീഗിൽ എത്തിക്കാൻ അവർ ഒരുങ്ങുന്നത്.
പോർട്ടോക്കു വേണ്ടി ലെഫ്റ്റ് വിങ്ങിലാണ് കൂടുതൽ കളിക്കുന്നത് എങ്കിലും സ്ട്രൈക്കർ പൊസിഷനിലും തിളങ്ങാൻ കഴിയുമെന്ന് ലൂയിസ് ഡയസ് തെളിയിച്ചിട്ടുണ്ട്. മാനെ, സലാ എന്നിവർ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പങ്കെടുക്കാൻ പോയതിന്റെ അഭാവം പരിഹരിക്കാനും ലിവർപൂൾ മുന്നേറ്റനിരയെ കൂടുതൽ ശക്തമാക്കാനും ഡയസിന്റെ വരവു കൊണ്ടു കഴിയും.
ഇക്കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസിക്കൊപ്പം ടോപ് സ്കോറർ പട്ടികയിൽ വന്ന് ലൂയിസ് ഡയസ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരത്തിന്റെ വരവോടെ ലിവർപൂളിൽ നിന്നും ദിവോക്ക് ഒറിജി, ടാകുമി മിനാമിനോ എന്നിവർ പുറത്തു പോകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.