Football in Malayalam

ഇറാനിയൻ വമ്പന്മാർക്കെതിരെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ എഫ്‌സി ഗോവക്ക് കനത്ത പരാജയം

Gokul Manthara
ജുവാൻ ഫെറാണ്ടോ
ജുവാൻ ഫെറാണ്ടോ / EuroFootball/Getty Images
facebooktwitterreddit

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ നാലാം മത്സരത്തിൽ ഇറാനിയൻ ക്ലബ്ബായ പെർസപ്പോളിസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ പ്രതീക്ഷയായ എഫ് സി ഗോവ. ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളിന്റെ പരാജയമാണ് ഇറാനിയൻ വമ്പന്മാർക്കെതിരെ ഗോവ വഴങ്ങിയത്. ഈ മാസം 26ന് അൽ റയ്യാനെതിരെയാണ് ലീഗിൽ ഗോവൻ സംഘത്തിന്റെ അടുത്ത പോരാട്ടം.

9 ഇന്ത്യൻ താരങ്ങളെ ആദ്യ ഇലവനിൽ അണിനിരത്തിയാണ് ഇറാനിയൻ ക്ലബ്ബിനെതിരെ, ഗോവൻ പരിശീലകൻ ഫെറാൻഡോ തന്റെ ടീമിനെയിറക്കിയത്. മുൻ മത്സരങ്ങളിൽ ഗോൾവലക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവ താരം ധീരജ് സിംഗിന് വിശ്രമം അനുവദിച്ചപ്പോൾ, നവീൻ കുമാറാണ് പകരമെത്തിയത്. തുടക്കം മുതൽ ആധിപത്യം പുലർത്തി കളിച്ച പെർസപ്പോളിസ്, ഇരുപത്തിനാലാം മിനുറ്റിൽ മത്സരത്തിൽ ലീഡെടുത്തു. മികച്ച ഫോമിലുള്ള മോഗൻലൗവായിരുന്നു ഗോൾ സ്കോറർ. നാൽപ്പത്തിമൂന്നാം മിനുറ്റിൽ ഇറാനിയൻ സംഘം ലീഡുയർത്തി. തങ്ങളുടെ താരത്തെ ഗോവൻ ഗോൾകീപ്പർ നവീൻ കുമാർ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പിഴവുകളില്ലാതെ വലയിലെത്തിച്ച ടൊറാബിയായിരുന്നു പെർസപ്പോളിസിന്റെ രണ്ടാം ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇറാനിയൻ ക്ലബ്ബ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. ഗോവൻ ഗോൾകീപ്പർ നവീൻ കുമാറിന്റെ നിരാശാജനകമായ പ്രകടനമായിരുന്നു ആദ്യ പകുതിയിൽ ഗോവയ്ക്ക് പ്രധാനമായും തിരിച്ചടിയായത്.

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുറ്റിൽ ഇസ അലെകാസിറിലൂടെ ഗോൾ നേടിയ പെർസപ്പോളിസ് 3-0 ന്റെ ലീഡെടുത്തു. മൂന്ന് ഗോളിന് മുന്നിലെത്തിയിട്ടും തങ്ങളുടെ ശൈലിയിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്ന പെർസപ്പോളിസ് ഗോവയുടെ ഗോൾവല നിറക്കുമെന്ന് പ്രതീതി ജനിപ്പിച്ചു. അമ്പത്തിയെട്ടാം മിനുറ്റിൽ കമൽ കാമ്യാബിനിയയിലൂടെ നാലാം ഗോൾ സ്കോർ ചെയ്ത അവർ പിന്നീടും പല‌തവണ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം ഗോൾ നേടാനാവാതെ മടങ്ങുകയായിരുന്നു‌.‌ 4 ഗോളുകൾ മാത്രമേ വഴങ്ങിയുള്ളൂ എന്നത് മാത്രമാണ് ഇന്ന് ഗോവയ്ക്ക് മത്സരത്തിൽ ആശ്വസിക്കാനുള്ള ഏക കാര്യം.

facebooktwitterreddit