അൽവാരോ വാസ്ക്വസ് ഇനി എഫ്സി ഗോവയുടെ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന അല്‍വാരോ വാസ്ക്വസ് ഇനി എഫ്.സി ഗോവയുടെ താരം. എഫ്.സി ഗോവ തന്നെയാണ് ട്വിറ്ററിലൂടെ വാസ്ക്വസ് ടീമിലെത്തിയ കാര്യം അറിയിച്ചത്.
"നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും'' എന്ന അടിക്കുറിപ്പോടെയാണ് എഫ്.സി ഗോവ അല്‍വാരോയുടെ വരവ് പ്രഖ്യാപിച്ചത്.
Good things take time, Goa say Hola 𝗔𝗟-𝗩𝗔𝗥𝗢 🌪️😍#ForcaGoa #AmcheGaurs #HolaAlvaro @AlvaroVazquez91 pic.twitter.com/VqICEqhYcw
— FC Goa (@FCGoaOfficial) June 24, 2022
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു വാസ്ക്വസ്. അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേരാ ഡയസ്, അല്‍വാരോ വാസ്ക്വസ് ത്രയത്തെ മുന്‍നിര്‍ത്തിയായിരുന്നു കോച്ച് വുകോമനോവിച്ച് കഴിഞ്ഞ സീസണില്‍ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്.
കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വാസ്ക്വസിന്റെ ബൂട്ടില്‍ നിന്ന് എട്ട് ഗോളുകളായിരുന്നു പിറന്നത്. രണ്ട് അസിസ്റ്റുകളും 31കാരനായ താരം നൽകി. ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളില്‍ സ്പാനിഷ് താരം കളിച്ചു.
ലാലിഗ ക്ലബായ എസ്പാനിയോളിന്റെ ബി ടീമിലൂടെയായിരുന്നു സീനിയര്‍ ഫുട്ബോള്‍ കരിയറിന് വാസ്ക്വസ് തുടക്കം കുറിച്ചത്. പിന്നീട് ഗെറ്റാഫെ, സ്വാൻസി സിറ്റി, എസ്പാനിയോള്‍, ഗിമ്നാസ്റ്റിക്ക്, റയൽ സരഗോസ, സ്പോര്‍ടിങ് ഗിയോണ്‍, സിഇ സബഡെൽ എഫ്സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി പന്തു തട്ടി. സ്പെയിനിന്റെ അണ്ടര്‍ 20, 21, 23 ടീമുകളിലും വാസ്ക്വസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.