Football in Malayalam

ഉസ്മാൻ ഡെംബലെയുടെ കരാർ 2025 വരെ നീട്ടാനൊരുങ്ങി എഫ് സി ബാഴ്സലോണ

Gokul Manthara
FC Barcelona v Real Valladolid CF - La Liga Santander
FC Barcelona v Real Valladolid CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

നിലവിൽ 2022 വരെ തങ്ങളുമായി കരാറുള്ള ഫ്രെഞ്ച് സൂപ്പർ താരം ഉസ്മാൻ ഡെംബലെയുമായുള്ള കരാർ ദീർഘിപ്പിക്കാൻ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണക്ക് പദ്ധതികളെന്ന് സൂചന. 2022 ജൂൺ 30 ന് കരാർ അവസാനിക്കാനിരിക്കുന്ന ഡെംബലെക്ക് 3 വർഷത്തെ പുതിയ കരാർ നൽകി 2025 വരെ അദ്ദേഹത്തെ തങ്ങൾക്കൊപ്പം നിലനിർത്താൻ കറ്റാലൻ ക്ലബ്ബ് ആഗ്രഹിക്കുന്നതായി പ്രശസ്ത സ്പാനിഷ് മാധ്യമമായ‌ സ്പോർട് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സമ്മർ ട്രാൻസ്ഫർ ജാലകം അടുത്ത് വരുന്ന സാഹചര്യത്തിൽ, വരുന്ന ആഴ്ചകളിൽ തന്നെ ഡെംബലെക്ക് തന്റെ ഭാവി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ബാഴ്സലോണയുമായുള്ള കരാർ ദീർഘിപ്പിക്കുന്നതിന് വിസമ്മതിക്കുകയാണെങ്കിൽ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ തന്നെ അദ്ദേഹത്തെ വിൽക്കാൻ ബാഴ്സലോണ തയ്യാറാകുമെന്നാണ് സൂചന. അല്ലാത്ത പക്ഷം അടുത്ത വർഷം അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുന്നത് ബാഴ്സലോണയ്ക്ക് കാണേണ്ടി വരും.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡെംബലെയെ വിൽക്കാൻ ബാഴ്സലോണ തയ്യാറാവുകയാണെങ്കിൽ അദ്ദേഹത്തിനായി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും രംഗത്തെത്തുണ്ടാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ സമ്മറിൽ താരത്തെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോളും ഈ ഇരുപത്തിമൂന്നുകാരനിൽ നോട്ടമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേ‌ സമയം 2017 ൽ ജെർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് ഡെംബലെ ബാഴ്സലോണയിലെത്തിയത്. വൻ തുകയ്ക്ക് കറ്റാലൻ ക്ലബ്ബിലെത്തിയ താരം ആദ്യ സീസണുകളിൽ പ്രതീക്ഷിച്ച മികവിലേക്കെത്തിയില്ലെങ്കിലും 2020-21 സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതു വരെ കളിച്ച 36 മത്സരങ്ങളിൽ 10 ഗോളുകൾ നേടിക്കഴിഞ്ഞ താരം 4 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit