Football in Malayalam

വമ്പൻ അഴിച്ചു പണിക്കൊരുങ്ങി ബാഴ്സലോണ; പതിനാലോളം താരങ്ങളെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കിയേക്കും

Gokul Manthara
Real Sociedad v FC Barcelona - Supercopa de Espana Semi Final
Real Sociedad v FC Barcelona - Supercopa de Espana Semi Final / Quality Sport Images/Getty Images
facebooktwitterreddit

വരുന്ന സമ്മറിൽ തങ്ങളുടെ ടീമിൽ വൻ അഴിച്ചു പണി നടത്താനുള്ള നീക്കങ്ങളിലാണ് സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണയെന്ന് സൂചനകൾ. സൂപ്പർ താരം ലയണൽ മെസിയെ രണ്ട് വർഷത്തെ പുതിയ കരാർ നൽകി ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന ബാഴ്സലോണക്ക് മറ്റ് ചില വമ്പൻ താരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടു വരാനും പദ്ധതികളുണ്ട്. എന്നാൽ ഇതിന് വേണ്ട പണം കണ്ടെത്തുന്നതിന് നിലവിൽ ടീമിലുള്ള പതിനാലോളം കളികാരെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികളാണ് ബാഴ്സലോണക്കുള്ളതെന്ന് പ്രശസ്ത‌ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇപ്പോളത്തെ ടീമിൽ വൻ അഴിച്ചു പണി അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ബാഴ്സലോണ ബോർഡ് പുതിയ താരങ്ങളെ കൊണ്ടു വരുന്നതിനുള്ള പണം കണ്ടെത്താനാണ് കൂട്ടത്തോടെ താരങ്ങളെ ഒഴിവാക്കുന്നത്. ഇതിൽ കുറച്ച് പേരെ ക്ലബ്ബ് വിൽക്കുമെന്നും, ചിലരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും, മറ്റു ചിലരെ ലോണിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയക്കുമെന്നുമാണ് പുറത്ത് വരുന്ന സൂചനകൾ. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ചാകും വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് പുതിയ സൈനിംഗുകൾ നടത്തുക.

നെറ്റോ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, മാത്യൂസ് ഫെർണാണ്ടസ്, മാർട്ടിൻ ബ്രാത്ത് വൈറ്റ്, ഫിലിപ്പ് കുട്ടീഞ്ഞോ, മിറാലം പ്യാനിച്ച് എന്നീ സൂപ്പർ താരങ്ങൾ ബാഴ്സലോണ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഇതിൽ കുട്ടീഞ്ഞോ, പ്യാനിച്ച്, ഉംറ്റിറ്റി എന്നീ താരങ്ങളുടെ വേതനം വളരെ ഉയർന്നതായതിനാൽ ഇവരെ ക്ലബ്ബിൽ നിന്ന് മാറ്റുന്നത് ബാഴ്സലോണക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്‌.

ഈ സമ്മറിൽ തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്നനായകൻ ലയണൽ മെസിയുമായി പുതിയ കരാറിൽ ഒപ്പുവെക്കുന്നതാണ് നിലവിൽ ബാഴ്സലോണയുടെ മുൻഗണനയിലുള്ള കാര്യം. ഇതിനൊപ്പം സെർജിയോ അഗ്യൂറോ, വിനാൾഡം, മെംഫിസ് ഡീപേ തുടങ്ങിയ താരങ്ങളെ സമ്മറിൽ ടീമിലെത്തിക്കാനും ബാഴ്സലോണ നീക്കങ്ങൾ നടത്തുന്നുണ്ട്‌. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അതിനുള്ള പണം കണ്ടെത്താൻ തങ്ങളുടെ താരങ്ങളെ വിൽക്കുകയാവും അവർക്ക് മുന്നിലുള്ള പ്രധാന വഴി. അതിനാൽ വരും സമ്മറിൽ ബാഴ്സലോണയുടെ ഭാഗത്ത് നിന്ന് ചില സർപ്രൈസ് തീരുമാനങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit