പ്രീ സീസണ്: ഇന്റര്‍ മയാമിയെ ഗോൾമഴയിൽ മുക്കി ബാഴ്സലോണ

പ്രീ-സീസണ് മത്സരത്തില്‍ ബാഴ്സലോണക്ക് ഗംഭീര തുടക്കം. പ്രീ-സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ എതിരില്ലാത്ത ആറു ഗോളിന്റെ വിജയമായിരുന്നു കാറ്റാലന്‍ ക്ലബ് സ്വന്തമാക്കിയത്. എം.എല്‍.എസ് ക്ലബായ ഇന്റര്‍ മയാമിയേയാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്.
19ാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍വേട്ട ബാഴ്സലോണ 70ാം മിനുട്ടിലായിരുന്നു അവസാനിപ്പിച്ചത്. 19ാം മിനുട്ടില്‍ പിയറി എമറിക് ഔബമയോങ്ങായിരുന്നു ബാഴ്സലോണയുടെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് പുതുതായി ടീമിലെത്തിയ ബ്രസീലിയന്‍ താരം റഫീഞ്ഞയുടെ വകയായിരുന്നു രണ്ടാം ഗോള്‍. 41ാം മിനുട്ടില്‍ അന്‍സു ഫാത്തി ഗോള്‍വല ചലിപ്പിച്ചപ്പോള്‍ 55ാം മിനുട്ടില്‍ യുവതാരം ഗവിയുടെ വകയായിരുന്നു നാലാം ഗോള്‍.
69ആം മിനുട്ടിൽ ഡച്ച് താരം മെംഫിസ് ഡീപെയും 70ാം മിനുട്ടില്‍ ഫ്രഞ്ച് താരം ഒസ്മാന്‍ ഡംബലെയും ബാഴ്സലോണക്കായി ഗോളുകള്‍ കണ്ടെത്തി. പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ജയം സ്വന്തമാക്കിയത് ബാഴ്സലോണക്ക് വലിയ ആത്മവിശ്വാസം നല്‍കും. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് പരിശീലകന് സാവിക്ക് ഇതുവരെ അമേരിക്കയിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ആദ്യ മത്സരത്തില്‍ സാവിയുടെ സാന്നിധ്യം ഡഗ്ഔട്ടിൽ ഉണ്ടായിരുന്നില്ല.
അടുത്ത സീസണിലേക്കായി കൂടുതല്‍ താരങ്ങളെ എത്തിച്ച് ശക്തമായ ഒരുക്കമാണ് ബാഴ്സലോണ ഒരുങ്ങിയിട്ടുള്ളത്. ഏതാനും ദിവസം മുന്‍പ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയെയും ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു. ലെവൻഡോസ്കിക്ക് പുറമെ റാഫിഞ്ഞ, ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നിവരെയും ബാഴ്സലോണ സ്വന്തമാക്കിയിട്ടുണ്ട്.