സ്വപ്‌നം കാണുന്നത് യർഗൻ ക്ലോപ്പിനെയെങ്കിലും പ്രതീക്ഷയില്ലാതെ ബാഴ്‌സലോണ

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Shaun Botterill/GettyImages
facebooktwitterreddit

റൊണാൾഡ്‌ കൂമാനു പകരക്കാരനായി ലിവർപൂൾ പരിശീലകനായ യർഗൻ ക്ലോപ്പിനെ ടീമിലെത്തിക്കുന്ന കാര്യം ബാഴ്‌സയുടെ പ്രധാന പരിഗണനയിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ. എന്നാൽ ജർമൻ പരിശീലകനെ സമീപഭാവിയിൽ തന്നെ ടീമിലെത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ ബാഴ്‌സ നേതൃത്വത്തിന് വലിയ പ്രതീക്ഷ ഇല്ലെന്നും സ്‌പാനിഷ്‌ മാധ്യമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നു.

ലയണൽ മെസി ക്ലബ് വിട്ടതോടെ ഈ സീസണിൽ മോശം ഫോമിലായ ബാഴ്‌സലോണ നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും മൂന്നു ഗോളുകൾക്ക് തോൽക്കുകയും കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനോട് പരാജയം വഴങ്ങുകയും ചെയ്‌തതോടെ ഇനി ടീമിന്റെ ഭാഗത്തു നിന്നുള്ള ഓരോ മോശം പ്രകടനവും കൂമാന്റെ സ്ഥാനത്തിനു ഇളക്കം തട്ടിക്കുന്നതാണ്.

കൂമാന് പകരക്കാരനായി സാവി, പിർലോ, റോബർട്ടോ മാർട്ടിനസ്, എറിക് ടെൻ ഹാഗ് എന്നീ പേരുകളാണ് ഉയർന്നു കേട്ടിരുന്നെങ്കിലും ക്ലോപ്പിൽ ബാഴ്‌സലോണ നേതൃത്വത്തിന് വളരെയധികം താൽപര്യമുണ്ടെന്നാണ് സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ 2024 വരെ ലിവർപൂളുമായി കരാറുള്ള അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നും അവർക്കു ധാരണയുണ്ട്.

2024നു ശേഷം ലിവർപൂളുമായി കരാർ പുതുക്കുന്നതിനെ കുറിച്ച് ഇതുവരെയും ക്ലോപ്പ് ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ലിവർപൂൾ കരാർ അവസാനിച്ചതിനു ശേഷം ഒരു വർഷത്തെ ഇടവേളയെടുക്കുമെന്നും അതിനു ശേഷം ഫുട്ബോളിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നുമാണ് ക്ലോപ്പ് പറഞ്ഞത്.

ബാഴ്‌സലോണ ക്ലോപ്പിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി നടത്തുമെങ്കിലും ടീമിന്റെ ഫോം കണക്കാക്കുമ്പോൾ അദ്ദേഹം നിലവിലെ സാഹചര്യത്തിൽ, ഈ സീസണു ശേഷം പോലും ലിവർപൂൾ വിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കൂമാനെ പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ മറ്റേതെങ്കിലും പരിശീലകനെ തന്നെ ബാഴ്‌സ പകരക്കാരനായി എത്തിക്കേണ്ടി വരും.


facebooktwitterreddit