ലപോർട്ടയുമായുള്ള ബന്ധം മെച്ചപ്പെട്ടു, എങ്കിലും ഒരു കാര്യം ശരിയായി തോന്നിയില്ലെന്ന് കൂമാൻ

Sreejith N
Athletic Club v FC Barcelona - La Liga Santander
Athletic Club v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയുമായുള്ള തന്റെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ക്ലബിന്റെ പരിശീലകനായ റൊണാൾഡ്‌ കൂമാൻ. ലപോർട്ട പ്രസിഡന്റായി എത്തിയതോടെ കൂമാൻ പരിശീലക സ്ഥാനത്തു നിന്നും പുറത്തു പോകുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ സീസണു ശേഷം ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ഈ സീസണിലും ഡച്ച് പരിശീലകനെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

ഈ സീസൺ അവസാനിക്കുന്നതു വരെ മാത്രമാണ് കൂമാനു ബാഴ്‌സലോണയുമായി കരാറുള്ളത്. അതിനു ശേഷം കരാർ പുതുക്കി നൽകണമെങ്കിൽ ബാഴ്‌സലോണ നേതൃത്വം മുന്നോട്ടു വെച്ച വ്യവസ്ഥകൾ അദ്ദേഹത്തിനു പൂർത്തീകരിക്കാൻ കഴിയണമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ, അതു സംബന്ധിച്ചു പ്രതികരിക്കുമ്പോഴാണ് ലപോർട്ടയുമായുള്ള ബന്ധം മെച്ചപ്പെട്ടെന്നും എന്നാൽ ചില കാര്യങ്ങളിൽ അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും കൂമാൻ പറഞ്ഞത്.

"ലപോർട്ടയുമായുള്ള എന്റെ ബന്ധം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്‌ച സംഭവിച്ച ചില കാര്യങ്ങൾ എനിക്ക് ശരിയായി തോന്നിയില്ല. പരിശീലകന് എല്ലാ അധികാരവും ഇല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. വളരെയധികം സംസാരിക്കുന്ന ലപോർട്ടക്ക് രണ്ടു തവണ വിവേകം കാണിക്കാനായില്ല."

"അതു സ്വകാര്യമായി പറയേണ്ട കാര്യമായിരുന്നു. ഒരു പ്രസിഡന്റ് ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും എനിക്കിഷ്ടമാണ്. അത് പക്ഷെ ഒരിക്കലും മാധ്യമങ്ങളുടെ മുന്നിൽ സംഭവിക്കേണ്ട ഒന്നല്ല. അതാണ് പ്രശ്‌നം," ഡച്ച് മാധ്യമമായ എൻഓഎസിനോട് കൂമാൻ പറഞ്ഞു.

ബാഴ്‌സലോണ പ്രസിഡന്റടക്കം ക്ലബിന്റെ ഭാഗമായുള്ള എല്ലാവരും തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്ന ഉറച്ച വിശ്വാസവും കൂമാൻ പ്രകടിപ്പിച്ചു. ക്ലബിന് വളരെ മികച്ചൊരു ഭാവിയുണ്ടെന്നും 2022 ജൂണിൽ കരാർ അവസാനിക്കുമെങ്കിലും അതു പുതുക്കി തനിക്ക് ക്ലബിനൊപ്പം തുടരാൻ തന്നെയാണ് തന്റെ താൽപര്യമെന്നും ഡച്ച് പരിശീലകൻ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit