'ഫുട്ബോളിൽ നാളെ നിങ്ങൾക്കെന്താണ് സംഭവിക്കുക എന്നറിയില്ല' - ബാഴ്‌സലോണ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റോബർട്ടോ മാർട്ടിനസ്

Sreejith N
Belgium v Czech Republic - 2022 FIFA World Cup Qualifier
Belgium v Czech Republic - 2022 FIFA World Cup Qualifier / BSR Agency/Getty Images
facebooktwitterreddit

റൊണാൾഡ്‌ കൂമാനു പകരക്കാരനായി ബാഴ്‌സ മാനേജറാവാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് ബെൽജിയം ദേശീയ ടീമിന്റെ പരിശീലകൻ റോബർട്ടോ മാർട്ടിനസ്. നിലവിൽ ബെൽജിയം ടീമിനെക്കുറിച്ച് മാത്രമേ താൻ ചിന്തിക്കുള്ളൂവെന്നും എന്നാൽ ഫുട്ബോളിൽ നാളെയെന്താണ് സംഭവിക്കുകയെന്നു പറയാൻ കഴിയില്ലെന്നും മാർട്ടിനസ് പറഞ്ഞു. ബാഴ്‌സലോണ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ഖത്തർ ലോകകപ്പിന് ആദ്യമായി യോഗ്യത നേടുന്ന യൂറോപ്യൻ രാജ്യം ബെൽജിയമാകുന്നത് എനിക്ക് വളരെ സന്തോഷം നൽകും. നാഷൻസ് ലീഗ് ഫൈനലിനു ശേഷമുള്ള പ്രധാന വെല്ലുവിളി അതാണ്. എന്നാൽ ഫുട്ബോളിൽ നാളെയെന്താണ് നമുക്ക് ലഭിക്കുകയെന്നു പറയാൻ കഴിയില്ല."

"കരാർ അവസാനിക്കുന്നതു വരെ ബെൽജിയൻ ദേശീയ ടീമിന്റെ പരിശീലകനായാവും ഞാൻ രാവിലെ എഴുന്നേൽക്കുക. എന്നാൽ പല സാഹചര്യങ്ങളും അതിനിടയിൽ സംഭവിക്കാമെന്ന് ഞാൻ മനസിലാക്കുന്നു," എച്ച്എൻഎല്ലിനോട് സംസാരിക്കുമ്പോൾ മാർട്ടിനസ് പറഞ്ഞു.

റൊണാൾഡ്‌ കൂമാനു പകരക്കാരനായി ബാഴ്‌സ പരിശീലകനാവാൻ വേണ്ടി ഓഫറുകൾ ഉണ്ടോയെന്നതിനെക്കുറിച്ച് മാർട്ടിനസിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "അങ്ങിനെ യാതൊന്നുമില്ല. അവർ ഇതുവരെയും ബന്ധപ്പെട്ടിട്ടുമില്ല."

ബാഴ്‌സലോണയുടെ അസിസ്റ്റന്റ് സ്പോർട്ടിങ് ഡയറക്ടറായ ജോർദി ക്രൈഫുമായി മികച്ച ബന്ധമുണ്ടെങ്കിലും അത് കാറ്റലൻ ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തനിക്കു പ്രേരണ നൽകുന്ന കാര്യമല്ലെന്നും മാർട്ടിനസ് പറഞ്ഞു. ഈ കാര്യങ്ങളെക്കുറിച്ച് ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്ലറ്റികോ മാഡ്രിഡുമായുള്ള അടുത്ത ലാ ലിഗ മത്സരത്തിലെ ഫലവും പ്രതികൂലമായാൽ റൊണാൾഡ്‌ കൂമാൻ പുറത്താക്കപ്പെടും എന്നു തന്നെയാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങിനെ സംഭവിച്ചാൽ അതിനു ശേഷം വരുന്ന ഇന്റർനാഷണൽ ബ്രേക്കിലായിരിക്കും ബാഴ്‌സലോണ പുതിയ പരിശീലകനെ നിയമിക്കുക.


facebooktwitterreddit