ഇപ്പോൾ പിന്തുണയുണ്ടെങ്കിലും കടുത്ത തീരുമാനങ്ങളെടുക്കാൻ മടിക്കില്ല, കൂമാനു മുന്നറിയിപ്പുമായി ലപോർട്ട

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ബാഴ്‌സലോണ ടീമിന്റെ പരിശീലകനായ റൊണാൾഡ്‌ കൂമാനു നിലവിൽ പിന്തുണയുണ്ടെങ്കിലും ടീമിന്റെ പ്രകടനം മോശമായാൽ കടുത്ത തീരുമാനങ്ങളെടുക്കാൻ ക്ലബ് നേതൃത്വം മടിക്കില്ലെന്ന മുന്നറിയിപ്പു നൽകി പ്രസിഡന്റ് യോൻ ലപോർട്ട. ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ദയനീയമായി തോൽവിയേറ്റു വാങ്ങിയ ബാഴ്‌സലോണ അതിനു പിന്നാലെ നടന്ന രണ്ടു ലാ ലിഗ മത്സരങ്ങളിലും സമനില വഴങ്ങിയതിന്റെ വെളിച്ചത്തിലാണ് ലപോർട്ടയുടെ മുന്നറിയിപ്പ് പ്രസക്തമാകുന്നത്.

കാഡിസിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിനു മുൻപായി എൽ ചിരിങ്കുയിറ്റോയോട് സംസാരിക്കുമ്പോഴാണ് ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ലപോർട്ട സംസാരിച്ചത്. "ക്ലബ്ബിനെ മാനേജ് ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദികളാണ്. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് കൂടുതൽ വിവരങ്ങളുണ്ട്. അവയെല്ലാം കൂടുതൽ പരിഗണിക്കേണ്ടതുണ്ട്."

"ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഞങ്ങൾക്കൊരു പ്രശ്‌നമേയല്ല. ഒരു പ്രത്യേക സമയത്ത് അവ എടുക്കേണ്ടി വന്നാൽ ഞങ്ങളത് എടുക്കും. അതു സാമ്പത്തികമോ കായികമോ സാമൂഹികപരമോ ആയിക്കൊള്ളട്ടെ. ബാഴ്‌സലോണ ഫസ്റ്റ് ടീമിന്റെ പരിശീലകനായ കൂമാനു ഞങ്ങളുടെ പിന്തുണയുണ്ട്. അദ്ദേഹം നന്നായി മുന്നോട്ടു പോകണമെന്നീന് ഞങ്ങൾ ആഗ്രഹിക്കുന്നത്."

"എല്ലാ പരിശീലകരുടെയും ഭാവി, കൂമാന്റെ മാത്രമല്ല, അവർ ഉണ്ടാക്കിയെടുക്കുന്ന ഫലങ്ങളെ ആശ്രയിച്ചിരിക്കും. ബാഴ്‌സയെ സംബന്ധിച്ച് അവർ എല്ലാ മത്സരങ്ങളിലും വിലയിരുത്തപ്പെടും. എന്നാൽ നിലവിൽ ടീമിന്റെ പരിശീലകനായ കൂമാനു ഞങ്ങളുടെ പിന്തുണയുണ്ട്." ലപോർട്ട വ്യക്തമാക്കി.

ലപോർട്ടയുടെ മുന്നറിയിപ്പിനു പിന്നാലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണ ദുർബലരായ കാഡിസിനോട് സമനില വഴങ്ങിയത് കൂമാന്റെ നില കൂടുതൽ പരുങ്ങലിൽ ആക്കിയിട്ടുണ്ട്. ബാഴ്‌സയുടെ ശൈലിക്ക് ചേരുന്ന ഒരു പുതിയ മാനേജറെ കണ്ടെത്തിയാൽ ഡച്ച് പരിശീലകൻ പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ നിലവിൽ ശക്തമാണ്.

facebooktwitterreddit