ഇങ്ങിനെയൊരു വിടവാങ്ങൽ മെസി അർഹിച്ചിരുന്നില്ല, സാമ്പത്തിക കാരണങ്ങളല്ല അതിനു പിന്നിലെന്ന് ലാ ലിഗ പ്രസിഡന്റ്

Sreejith N
FBL-ESP-LIGA-AWARD
FBL-ESP-LIGA-AWARD / LLUIS GENE/Getty Images
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ഇതുപോലെയൊരു വിടവാങ്ങൽ മെസി അർഹിച്ചിരുന്നില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. ലയണൽ മെസിയെ ബാഴ്‌സലോണയിൽ നിലനിർത്താൻ ശ്രമിക്കണമായിരുന്നുവെന്നും താരം ക്ലബ് വിട്ടത് സാമ്പത്തികമായ കാരണങ്ങൾ കൊണ്ടാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലയണൽ മെസിക്ക് പുതിയ കരാർ നൽകാനുള്ള തയ്യാറെടുപ്പുകൾ ബാഴ്‌സ നടത്തിയിരുന്നെങ്കിലും അവസാന നിമിഷത്തിൽ അതിനു കഴിയില്ലെന്ന് ക്ലബ് അറിയിച്ചതോടെയാണ് താരം പിഎസ്‌ജിയിൽ എത്തിയത്. ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണ നിയമങ്ങളാണ് ഇതിനു കാരണമായതെന്നു ബാഴ്‌സലോണ പറയുന്നുണ്ടെങ്കിലും ടെബാസിന്റെ വാക്കുകൾ അതിനെ നിഷേധിക്കുന്നതാണ്.

"റൊണാൾഡോ, ഗ്വാർഡിയോള, മൗറീന്യോ എന്നിവർ ക്ലബ് വിട്ടതു പോലെ ഒരു ദിവസം ഇതും സംഭവിക്കുമെന്ന് അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഫുട്‍ബോൾ താരങ്ങളെ ലോകത്തിലെ മികച്ച രണ്ടു ക്ലബുകളിൽ ഉൾപ്പെടുത്താനുള്ള ഭാഗ്യം ഉണ്ടായതിനു പുറമെ അതു പ്രയോജനപ്പെടുത്തി ലോകത്ത് മുൻനിരയിൽ എത്താനും കഴിഞ്ഞു."

"ഒരുപക്ഷെ മെസിയുടെ വിടവാങ്ങൽ കുറച്ചുകൂടി വേദനാജനകം ആയിരുന്നു. വ്യക്തിപരമായി ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന അദ്ദേഹം അങ്ങിനെയൊരു വിടവാങ്ങൽ അർഹിച്ചിരുന്നില്ല. ബാഴ്‌സലോണക്കു മാത്രമല്ല, ലാ ലിഗക്കും അങ്ങനെയാണ്," സ്പോർട്ടിനോട് ടെബാസ് പറഞ്ഞു.

"ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ടയുമായും ക്ലബിന്റെ ഡയറക്ടർ ബോർഡുമായും ഞാൻ ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു. മെസി ക്ലബ് വിടുന്നതിന്റെ കാരണം സാമ്പത്തികമായിരുന്നെങ്കിൽ അതിനുള്ള പരിഹാരങ്ങളും തേടിയിരുന്നു. എന്നാൽ അതു മറ്റൊരു കാരണത്താലാണെങ്കിൽ എനിക്കതിനെ വിലമതിക്കാനാവില്ല."

"അടുത്ത സീസണിൽ, ബാഴ്‌സ പുറത്തു വിടുന്ന സംഖ്യകൾ പരിശോധിച്ചാൽ മെസിക്ക് ക്ലബിൽ തുടരാൻ കഴിയുമായിരുന്നോ ഇല്ലയോ എന്ന കാര്യം മനസിലാക്കാൻ കഴിയും. ക്ലബിന്റെ തീരുമാനത്തെ താൻ മാനിക്കുന്നുണ്ടെങ്കിലും നമ്മൾ കാര്യങ്ങൾ അതേപടി പറയാൻ തയ്യാറാവണം. ഇതൊരു സാമ്പത്തിക തീരുമാനം ആയിരുന്നില്ലെന്ന് എനിക്ക് ഉറപ്പായും അറിയാം," ടെബാസ് പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit