കൂമാൻ പുറത്തേക്ക്, പകരക്കാരനാവാൻ റോബർട്ടോ മാർട്ടിനസുമായി ബാഴ്സലോണ നേതൃത്വം ചർച്ചകൾ നടത്തി


ബാഴ്സലോണ പരിശീലക സ്ഥാനത്തു നിന്നും റൊണാൾഡ് കൂമാൻ പുറത്തു പോകാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചു. പ്രമുഖ കായിക മാധ്യമമായ ഗോൾ പുറത്തുവിട്ട സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ബെൽജിയൻ പരിശീലകനായ റോബർട്ടോ മാർട്ടിനസുമായി ബാഴ്സലോണ നേതൃത്വം കൂമാന്റെ പകരക്കാരൻ ആവുന്നതിനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ബാഴ്സയെ ഭേദപ്പെട്ട പ്രകടനത്തിലേക്ക് നയിക്കുകയും കോപ്പ ഡെൽ റേ കിരീടം ഉയർത്തുകയും ചെയ്തെങ്കിലും ഈ സീസണിൽ ദയനീയ പ്രകടനമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസിയടക്കമുള്ള സൂപ്പർ താരങ്ങളില്ലാത്ത ടീമിനെ ഉയർത്തിയെടുത്ത് കിരീടപ്പോരാട്ടത്തിനു സജ്ജമാക്കാൻ കൂമാനു കഴിയുമെന്ന വിശ്വാസം നേതൃത്വത്തിന് ഇല്ലാത്തതു കൊണ്ടാണ് ഡച്ച് പരിശീലകനെ അവർ ഒഴിവാക്കാൻ ഒരുങ്ങുന്നത്.
Barcelona 'make contact with Belgium manager Roberto Martinez over Nou Camp job' https://t.co/yZtOIin7YW
— MailOnline Sport (@MailSport) September 25, 2021
കൂമാനെ ഒഴിവാക്കുമ്പോൾ പകരക്കാരനായി പ്രധാനമായും പരിഗണിക്കുന്ന മാർട്ടിനസുമായി ക്ലബ് നേതൃത്വം പ്രാഥമിക ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാഴ്സലോണ നിലനിൽക്കുന്ന പ്രവിശ്യയായ കാറ്റലോണിയയിൽ നിന്നുമുള്ള മാർട്ടിനസാണ് കൂമാനു പകരക്കാരനാവാനുള്ള തങ്ങളുടെ ആദ്യത്തെ ചോയ്സ് എന്നും അവർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
മുൻ എവർട്ടൺ പരിശീലകനായ മാർട്ടിനസ് ബാഴ്സയുടെ ഓഫർ വന്നാൽ തനിക്കത് ഏറ്റെടുക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ ബെൽജിയൻ എഫ്എയെ അറിയിച്ചതിനാൽ അദ്ദേഹം ക്ലബ്ബിലേക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ ബെൽജിയൻ ഫുട്ബോൾ ഫെഡറേഷനുമായി നല്ല ബന്ധം പുലർത്തുന്ന അദ്ദേഹം യുവേഫ നാഷൻസ് ലീഗ് ഫൈനൽ വരെ അവർക്കൊപ്പം നിന്നതിനു ശേഷമേ ബാഴ്സലോണ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുള്ളൂ.
കഴിഞ്ഞ കുറെ വർഷങ്ങളായി ബെൽജിയൻ ടീമിനെ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിലനിർത്തുന്നതിനു മാർട്ടിനസിനു കഴിഞ്ഞു എങ്കിലും ഇതുവരെയും ഒരു കിരീടം പോലും അവർക്കൊപ്പം ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ യുവേഫ നാഷൻസ് ലീഗ് കിരീടം നേടി മനോഹരമായൊരു വിടവാങ്ങൽ നടത്താനാവും അദ്ദേഹത്തിനു താൽപര്യം.
അതേസമയം, കൂമാൻ നിലവിൽ ബാഴ്സലോണ പരിശീലകനാണ് എങ്കിലും ഏതു നിമിഷവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടാം എന്ന അവസ്ഥയാണുള്ളത്. കൂനിൻമേൽ കുരുവെന്ന പോലെ കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ച ഡച്ച് പരിശീലകന് അടുത്ത രണ്ടു മത്സരവും നഷ്ടമാകും.