പോൾ പോഗ്ബയിൽ കണ്ണു വെച്ച് ബാഴ്സലോണ, അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബ് ശ്രമിച്ചേക്കും

അടുത്ത വർഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന ഫ്രെഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ ബാഴ്സലോണ രംഗത്തുണ്ടാകുമെന്ന് റിപ്പോർട്ട്. ഫ്രീ ഏജന്റ് മാർക്കറ്റ് പരമാവധി പ്രയോജനപ്പെടുത്താൻ താല്പര്യപ്പെടുന്ന ബാഴ്സലോണ പോഗ്ബക്കായി ശ്രമം നടത്തുമെന്ന വാർത്ത സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാറിലെ അവസാന വർഷത്തിലേക്ക് കടന്ന പോഗ്ബ ക്ലബ്ബുമായി പുതിയ കരാർ പുതുക്കാനുള്ള സാധ്യതകളും വളരെ ഉയർന്നു നിൽക്കുന്നുണ്ട്. അതല്ല പുതിയ തട്ടകത്തിലേക്ക് ചേക്കേറാൻ താരം തീരുമാനിക്കുകയാണെന്മിൽ റയൽ മാഡ്രിഡ്, യുവന്റസ്, പി എസ് ജി എന്നീ ക്ലബ്ബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ടാകുമെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. അതിനിടെയാണ് ബാഴ്സലോണയും പോഗ്ബക്കായി ശക്തമായി രംഗത്തുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
ബാഴ്സലോണയുടെ പ്രസിഡന്റായ ജോവൻ ലപ്പോർട്ട പോൾ പോഗ്ബയുടെ വലിയ ആരാധകനാണെന്നും, സാധാരണ ട്രാൻസ്ഫറിൽ പോഗ്ബയെ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചാൽ അദ്ദേഹം അത് വിട്ടു കളയില്ലെന്നുമാണ് മുണ്ടോ ഡിപ്പോർട്ടീവോ ചൂണ്ടിക്കാട്ടുന്നത്. ലപ്പോർട്ടയും, പരിശീലകൻ റൊണാൾഡ് കൂമാനും ബാഴ്സലോണയിലേക്ക് ഒരു പുതിയ മധ്യനിര താരത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ പോഗ്ബയെപ്പോലെ ഉയർന്ന ഗുണനിലവാരമുള്ള കളികാരനെ ട്രാൻസ്ഫർ ഫീ മുടക്കാതെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് അവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും.
Paul Pogba is being linked with a Barcelona move today #mufc https://t.co/QOYKPoBTns
— Man United News (@ManUtdMEN) September 20, 2021
അതേ സമയം അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി മാറുമെങ്കിലും പോഗ്ബയെ സ്വന്തമാക്കുന്നത് ബാഴ്സലോണയെ സംബന്ധിച്ച് അത്രയെളുപ്പമായിരിക്കില്ല എന്നത് ഉറപ്പാണ്. താരത്തിന് നൽകേണ്ടി വരുന്ന ഉയർന്ന വേതനം ക്ലബ്ബിന് തലവേദനയാകുമെന്നതിന് പുറമേ താരത്തിന്റെ ഏജന്റായ മിനോ റയോളക്ക് ഭീമമായ ഫീസും ഈ ട്രാൻസ്ഫറിന്റെ ഭാഗമായി ബാഴ്സയ്ക്ക് നൽകേണ്ടി വരും. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും 2022 ൽ പോഗ്ബ ഒരു ഫ്രീ ഏജന്റായി ട്രാൻസ്ഫർ വിപണിയിൽ എത്തുകയാണെങ്കിൽ കറ്റാലൻ ക്ലബ്ബ് അദ്ദേഹത്തിനായി ഒരു നീക്കം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.