ആസ്റ്റൺ വില്ലയുടെ യുവമധ്യനിരതാരം കാർണി ചുക്വമേക്കയിൽ ബാഴ്സലോണക്ക് താത്പര്യം


ആസ്റ്റൺ വില്ലയുടെ യുവമധ്യനിരതാരം കാർണി ചുക്വമേക്കയിൽ ബാഴ്സലോണ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട്. താരത്തിന് ആസ്റ്റൺ വില്ല വിലയിട്ടതായി ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.
വില്ലയുമായുള്ള കരാറിലെ അവസാന വർഷത്തിലെത്തി നിൽക്കുന്ന ചുക്വമേക്കക്ക് കരാർ പുതുക്കാൻ താത്പര്യമില്ല. അതു കൊണ്ട് തന്നെ 20 മില്യൺ യൂറോയാണ് ആസ്റ്റൺ വില്ല താരത്തിനായി വിലയിട്ടിരിക്കുന്നത്. വരുന്ന ഒക്ടോബറിൽ 19 വയസു തികയുന്ന താരം ആസ്റ്റൺ വില്ലക്കുവേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ബാഴ്സലോണയിൽ നിന്ന് ഫിലിപ്പെ കൂട്ടിഞ്ഞോയെ ആദ്യം ലോണിലും പിന്നീട് സ്ഥിരകരാറിലും വില്ല ടീമിലെത്തിച്ചിരുന്നു. അതിനാൽ ആസ്റ്റൺ വില്ലയുമായി മികച്ച ബന്ധത്തിലാണ് ബാഴ്സയുള്ളത്. അതുകൊണ്ടു തന്നെ ബാഴ്സ തന്നെയാണ് താരത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്.
ബാഴ്സ സ്പോർട്ടിങ് ഡയറക്ടർ മാത്യു അലെമാനിയും ജോർദി ക്രൈഫും താരത്തിന്റെ പ്രതിനിധിയുമായി മെയ് മാസത്തിൽ കൂടിക്കാഴ്ച നടത്തിയതായി കറ്റാലൻ മാധ്യമമായ SER-ന്റെ ക്യു തി ജുഗസ് പറയുന്നു. അതുകൊണ്ടു തന്നെ യുവ കളിക്കാരന്റെ സൈനിംഗിനായി ബാഴ്സ ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. അതേ സമയം, സെവിയ്യ പ്രതിരോധതാരം ജൂൾസ് കൂണ്ടേക്കു വേണ്ടിയും ബാഴ്സ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.