Football in Malayalam

ചെല്‍സി നായകൻ സെസാർ അസ്‌പിലിക്വെറ്റയെ ലക്ഷ്യമിട്ട് ബാഴ്‌സലോണ

Haroon Rasheed
Chelsea FC v Malmo FF: Group H - UEFA Champions League
Chelsea FC v Malmo FF: Group H - UEFA Champions League / Visionhaus/GettyImages
facebooktwitterreddit

ഈ സീസണോടെ ചെൽസിയുമായുള്ള കരാര്‍ അവസാനിക്കുന്ന ക്ലബ് ക്യാപ്റ്റന്‍ സെസാർ അസ്‌പിലിക്വെറ്റയെ തേടി ബാഴ്‌സലോണ. ചെല്‍സിക്കൊപ്പം പത്ത് സീസണ്‍ കളിച്ച അസ്‌പിലിക്വെറ്റ ബ്ലൂസിനായി ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കിയ താരമാണ്. അസ്‌പിലിക്വെറ്റയുടെ കരാര്‍ നീട്ടാനുള്ള ശ്രമങ്ങള്‍ ചെല്‍സി നടത്തുന്നുണ്ടെങ്കിലും ബാഴ്‌സലോണ സ്ഥിതിഗതികള്‍ വിലയിരുത്തി താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അസ്‌പിലിക്വെറ്റ തങ്ങളുമായി ഉടന്‍ തന്നെ കരാറിലെത്തുമെന്ന വിശ്വാസത്തിൽ ചെൽസിയിരിക്കുമ്പോൾ, സ്പാനിഷ് പ്രതിരോധതാരത്തിൽ താല്‍പര്യമുള്ള സാവി അദ്ദേഹത്തെ ബാഴ്‌സയിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. താരത്തെ ടീമിലെത്തിച്ചാല്‍ യുവനിര നിറഞ്ഞ ബാഴ്‌സലോണയുടെ പ്രതിരോധ നിരക്ക് കുടുതല്‍ കരുത്ത് പകരുമെന്ന പ്രതീക്ഷയിലാണ് സാവിയും ക്ലബും.

2021/ 22 സീസണിൽ പ്രധാനമായും യുവനിരയാണ് ബാഴ്‌സലോണയുടെ പ്രതിരോധനിര കാക്കുന്നത്. സെര്‍ജിയോ ഡെസ്റ്റ്, ഓസ്‌കാര്‍ മിന്‍ഗ്വേസ, എറിക് ഗാര്‍സിയ, റൊണാള്‍ഡ് അറോഹോ തുടങ്ങിയ താരങ്ങളെല്ലാം 23 വയസിന് താഴെയുള്ളവരാണ്. സാവിയുടെ നിര്‍ദേശപ്രകാരം ടീമിലെത്തിയ പരിചയസമ്പന്നനായ ബ്രസീലിയന്‍ താരം ഡാനി ആൽവസും ബാഴ്‌സയുടെ പ്രതിരോധനിരക്ക് ശക്തി പകരും.

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള ബാഴ്‌സ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനമായും ഫ്രീ ട്രാൻസ്ഫറിലാണ് താരങ്ങളെ ടീമിലെത്തിച്ചത്. എറിക്ക് ഗാര്‍സിയ, മെംഫിസ് ഡിപായ്, സെര്‍ജിയോ അഗ്യൂറോ എന്നിവരെല്ലാം ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മൂലം, വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലും ഫ്രീ ട്രാൻസ്ഫറുകളിൽ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിച്ചേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit