യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഐൻട്രാക് ഫ്രാങ്ക്ഫർട്ടിനോട് പൊരുതി തോറ്റ് ബാഴ്സലോണ; ടൂർണമെന്റിൽ നിന്ന് പുറത്ത്

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ജർമൻ ക്ലബായ ഐൻട്രാക് ഫ്രാങ്ക്ഫർട്ടിനോട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട്, ടൂർണമെന്റിൽ നിന്ന് പുറത്തായി ബാഴ്സലോണ. ഇരു പാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിലേക്ക് മുന്നേറിയത്.
1-1ന് അവസാനിച്ച ആദ്യ പാദ മത്സരത്തിന് ശേഷം, സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സലോണക്ക് തുടക്കത്തിൽ തന്നെ അടിത്തെറ്റുന്ന കാഴ്ചയാണ് ക്യാമ്പ് നൗവിൽ കണ്ടത്. ജെസ്പർ ലിൻഡ്സ്ട്രോമിനെ ബോക്സിനുള്ളിൽ വെച്ച് എറിക് ഗാർഷ്യ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഫിലിപ് കോസ്റ്റിക്, ഫ്രാങ്ക്ഫർട്ടിനെ മത്സരത്തിൽ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ 36ആം മിനുറ്റിൽ റാഫേൽ സാന്റോസ് ബോറെ ഫ്രാങ്ക്ഫർട്ടിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന് പുറത്ത് നിന്നുള്ള ബോറെയുടെ റോക്കറ്റ് ഷോട്ട് ബാഴ്സലോണ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തുകയായിരുന്നു.
2-0ത്തിന് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം, മത്സരത്തിന്റെ 67ആം മിനുറ്റിൽ ബാഴ്സലോണയെ ഞെട്ടിച്ച് കൊണ്ട് കോസ്റ്റിക് ഫ്രാങ്ക്ഫർട്ടിന്റെ മൂന്നാം ഗോൾ നേടി. ബോക്സിന്റെ ഇടത് വശത്ത് നിന്ന് ഷോട്ട് ഉതിർത്ത കോസ്റ്റിക് പന്ത് ബാഴ്സലോണ ഗോൾവലയുടെ ഫാർ കോർണറിൽ നിക്ഷേപിക്കുകയായിരുന്നു.
മത്സരത്തിന്റെ 90+1ആം മിനുറ്റിൽ ഒരു വെടിച്ചില്ല് ഗോളുമായി സെർജിയോ ബുസ്ക്വെറ്റ്സും, ബോക്സിനുള്ളിൽ വെച്ച് ലൂക്ക് ഡി യോങിനെ ഇവാൻ എൻഡിക്ക ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി 90+11ആം മിനുറ്റിൽ ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡീപേയും രണ്ട് ഗോളുകൾ മടക്കി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, ഉടനെ ഫൈനൽ വിസിൽ മുഴങ്ങുകയായിരുന്നു. ഇതോടെ 4-3 എന്ന അഗ്രിഗേറ്റ് സ്കോറിന് കാറ്റാലൻ വമ്പന്മാർ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്. അതേ സമയം, സെമിയിലേക്ക് മുന്നേറിയ ഫ്രാങ്ക്ഫുർട്ട് വെസ്റ്റ് ഹാമിനെയാണ് നേരിടുക.