റയലിന് ഹാലൻഡിനെയും എംബാപ്പയെയും സ്വന്തമാക്കാനാവും, പെരെസിനെ ബഹുമാനിക്കണമെന്ന് ബാഴ്സലോണ മേധാവി


റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് ക്ലബ്ബിനെ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നും ബാഴ്സലോണയുടെ ഇക്കണോമിക് വൈസ് പ്രസിഡന്റായ എഡ്വേർഡ് റോമിയൂ. കോവിഡ് മഹാമാരി സമയത്ത് റയൽ മാഡ്രിഡ് നടത്തിയ ഇടപെടലുകൾ കൊണ്ട് അടുത്ത സമ്മറിൽ അവർക്ക് എംബാപ്പെ, ഹാലൻഡ് എന്നീ താരങ്ങളെ സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
"എംബാപ്പെയെയും, ഹാലൻഡിനെയും സ്വന്തമാക്കുക എന്നത് അവർക്ക് സാധ്യമാണ്. റയൽ മാഡ്രിഡ് വളരെ വലിയ ക്ലബാണെന്നതിനു പുറമെ അവർ കരുത്തുറ്റ ക്ലബുമാണ്," സ്പാനിഷ് മാധ്യമമായ എൽ പാർടിഡസോ കോപ്പിനോട് സംസാരിക്കുമ്പോൾ റോമിയൂ പറഞ്ഞു.
Barcelona vice-president praises Real Madrid supremo Florentino Perezhttps://t.co/AHvPcKwDPk pic.twitter.com/wbCNjwGYh1
— Mirror Football (@MirrorFootball) September 17, 2021
"ഞങ്ങളുടെ ബുദ്ധി കൃത്യമായി കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്നു എങ്കിൽ ഇതേ സഹാചര്യം ഞങ്ങൾക്കും ഉണ്ടാകുമായിരുന്നു. ഫ്ലോറന്റീനോ പെരസ് ക്ലബ്ബിനെ മുന്നോട്ടു കൊണ്ടു പോകുന്ന രീതി പരിഗണിക്കുമ്പോൾ നമ്മളദ്ദേഹത്തെ ബഹുമാനിക്കണം. സാമ്പത്തികമോ വാണിജ്യപരമോ ആയി ആർക്കും ഫ്ലോറന്റീനോ പെരസിനെ മുതലെടുക്കാൻ കഴിയില്ല."
"ബിസിനസ് തലത്തിലും വ്യക്തിപരമായും അദ്ദേഹത്തോട് എനിക്ക് വളരെയധികം അനുഭാവമുണ്ട്, ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയ സമയത്തൊക്കെ അദ്ദേഹം വളരെ സ്നേഹപൂർവമാണ് പെരുമാറിയിട്ടുള്ളത്. പെരസിനെക്കുറിച്ച് പ്രശംസ മാത്രമേ എനിക്കുള്ളൂ," റോമിയൂ പറഞ്ഞു.
കോവിഡ് പ്രതിസന്ധി ഫുട്ബോൾ മേഖലയെ വളരെയധികം ബാധിച്ച സമയത്തും കൃത്യമായ സാമ്പത്തിക നിയന്ത്രണങ്ങൾ നടപ്പിലാക്കി റയൽ മാഡ്രിഡ് സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തിയാക്കിയിരുന്നു. ഇതിനു പുറമെ എംബാപ്പക്കു വേണ്ടി 200 മില്യനോളം ബിഡ് ചെയ്തെങ്കിലും പിഎസ്ജി താരത്തെ വിട്ടു നൽകാതിരുന്നതിനാൽ ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.