Football in Malayalam

ക്രിസ്റ്റ്യൻ റൊമേരോ, റെനാറ്റോ സാഞ്ചസ് എന്നിവരെ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് ബാഴ്‌സ പരിശീലകൻ

Sreejith N
FC Barcelona v Girona FC - Friendly Match
FC Barcelona v Girona FC - Friendly Match / Quality Sport Images/Getty Images
facebooktwitterreddit

അടുത്ത സീസണിലേക്കായി അർജന്റീനിയൻ പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോ, പോർച്ചുഗൽ മധ്യനിര താരം റെനാറ്റോ സാഞ്ചസ് എന്നിവരെ ബാഴ്‌സ സ്വന്തമാക്കാനുള്ള സാധ്യതകൾ പരിശീലകൻ റൊണാൾഡ്‌ കൂമാൻ തള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ടുകൾ. ബാഴ്‌സ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ട്രാൻസ്ഫറുകൾ ഉണ്ടാകാനിടയില്ലെന്ന് ആർഎസി സ്പോർട്ടിനെ അടിസ്ഥാനമാക്കി മാർക്കയാണ് റിപ്പോർട്ടു ചെയ്‌തത്‌.

നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വേതന ബിൽ കുറക്കാൻ കഴിയാത്തതിനാൽ സമ്മറിൽ സ്വന്തമാക്കിയ താരങ്ങളെ ഇതു വരെ രജിസ്റ്റർ ചെയ്യാൻ പോലും ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ ടീമിന്റെ നായകനായ ലയണൽ മെസിക്ക് പുതിയ കരാർ നൽകാനും ക്ലബ് നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കയാണ്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ്ബിലേക്ക് ചേക്കേറിയ സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേയ്, എറിക് ഗാർസിയ എന്നിവർക്കു പുറമെ പത്ത് മില്യൺ യൂറോയോളം നൽകി സ്വന്തമാക്കിയ എമേഴ്‌സൺ എന്നിവരെയാണ് ബാഴ്‌സക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തത്. ഇവരെ ലാ ലീഗ സീസൺ തുടങ്ങുമ്പോൾ കളിപ്പിക്കണമെങ്കിൽ 200 മില്യൺ യൂറോയുടെ സേവിങ് വേണമെന്നതു കൊണ്ട് നിലവിലുള്ള താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പോർച്ചുഗൽ താരമായ റെനാറ്റോ സാഞ്ചസിനെയും അർജന്റീനിയൻ താരമായ റൊമേരോയെയും സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് അവസരമുണ്ടായിരുന്നു എങ്കിലും സാഹചര്യങ്ങൾ അതിനു വിലങ്ങുതടിയായി. കനത്ത പ്രതിഫലം വാങ്ങുന്ന ഏതാനും താരങ്ങളടക്കമുള്ളവരെ ബാഴ്‌സലോണ പദ്ധതിയിട്ടിരിക്കുന്നതു പോലെ ഒഴിവാക്കിയാൽ മാത്രമേ ഇതിനുള്ള ചെറിയ സാധ്യതയെങ്കിലും തുറക്കുകയുള്ളൂ.


facebooktwitterreddit