Football in Malayalam

ഹാലൻഡിനെ കിട്ടിയില്ലെങ്കിൽ പകരം ഹാരി കെയിൻ ; ബാഴ്സലോണയുടെ സമ്മർ ട്രാൻസ്ഫർ പദ്ധതികളിൽ ടോട്ടനം താരവും

Gokul Manthara
Tottenham Hotspur v PSV - UEFA Champions League Group B
Tottenham Hotspur v PSV - UEFA Champions League Group B / Clive Rose/Getty Images
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ മുന്നേറ്റ താരം എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനാണ് സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണ പ്രധാന പരിഗണന നൽകുകയെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള ആദ്യ ഘട്ട ശ്രമങ്ങളും അവർ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഹാലൻഡിനെ സ്വന്തമാക്കുന്നതിനുള്ള നീക്കം പരാജയപ്പെടുകയാണെങ്കിൽ പകരം ടീമിലെത്തിക്കുന്നതിന് മറ്റൊരു‌ സൂപ്പർ താരത്തെ ബാഴ്സലോണ കണ്ടു വെച്ചിട്ടുണ്ട്.

നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിന് വേണ്ടി കളിക്കുന്ന ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി കെയിനെയാണ് ഹാലൻഡിനെ കിട്ടിയില്ലെങ്കിൽ പകരം സ്വന്തമാക്കാൻ ബാഴ്സലോണ പരിഗണിക്കുന്നത്. പ്രശസ്ത മാധ്യമമായ‌ സ്പോർട് ആണ് ഹാലൻഡിനായുള്ള നീക്കങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ഇത്തവണത്തെ സമ്മറിൽ ഹരി കെയിനെ റാഞ്ചാനുള്ള പദ്ധതികൾ ബാഴ്സലോണയ്ക്കുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം വരുന്ന സമ്മറിൽ ഹരി കെയിൻ ടോട്ടനം വിട്ടേക്കുമെന്ന് നേരത്തെ മുതൽ സൂചനകളുണ്ട്‌. ബാഴ്സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെ പേര് ഹരി കെയിനുമായി ബന്ധപ്പെടുത്തി പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. ഇതിനൊപ്പം പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കും ഹരി കെയിനിൽ കണ്ണുണ്ടെന്നാണ് സൂചനകൾ‌. എന്നാൽ പ്രീമിയർ ലീഗ് ക്ലബ്ബുകളിലേക്ക് ഹരി കെയിൻ ചേക്കേറുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ലാത്ത ടോട്ടനം അത്തരം നീക്കങ്ങൾക്ക് പച്ചക്കൊടി വീശാൻ സാധ്യതയില്ല.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ ഹരി കെയിന് 2024 ജൂൺ 30 വരെയാണ് ടോട്ടനവുമായി കരാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള കളികാരിലൊരാളായ കെയിൻ, ഈ സീസണിലും ഉജ്ജ്വല ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2020-21 സീസണിൽ ടോട്ടനത്തിനായി കളിക്കാനിറങ്ങിയ 40 മത്സരങ്ങളിൽ 27 ഗോളുകൾ നേടിക്കഴിഞ്ഞ താരം 16 അസിസ്റ്റുകളും സ്വന്തമാക്കി.

facebooktwitterreddit