അഞ്ച് വർഷങ്ങൾക്ക് ശേഷം ഡാനി ആൽവസ് ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ്ബ്

2008 മുതൽ 2016 വരെ ബാഴ്സലോണ ജേഴ്സിയിൽ തിളങ്ങി നിന്ന ബ്രസീലിയൻ പ്രതിരോധതാരം ഡാനി ആൽവസ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ബാഴ്സലോണ തന്നെ താരത്തിന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. കറ്റാലൻ ക്ലബ്ബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസിന്റെ പ്രത്യേക താല്പര്യമാണ് ആൽവസിനെ ക്ലബ്ബിലേക്ക് തിരികെയെത്തിച്ചത് എന്നാണ് സൂചനകൾ.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സീസണിൽ എഫ് സി ബാഴ്സലോണക്കൊപ്പം ചേരുന്നതിന് ഡാനി ആൽവസുമായി തങ്ങൾ ധാരണയിലെത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയ കറ്റാലൻ ക്ലബ്ബ്, അടുത്തയാഴ്ച മുതൽ ആൽവസ് ടീമിനൊപ്പം പരിശീലനം നടത്തുമെന്നും എന്നാൽ ജനുവരി വരെ അദ്ദേഹത്തിന് ക്ലബ്ബിനായി കളിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഡാനി ആൽവസിനെ തങ്ങളുടെ പുതിയ കളികാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്ത് വിടുമെന്നും എഫ് സി ബാഴ്സലോണ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
? @DaniAlvesD2 is coming back to Barça!
— FC Barcelona (@FCBarcelona) November 12, 2021
അവസാനമായി കളിച്ച സാവോ പോളോ ക്ലബ്ബ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായിരുന്ന ഡാനി ആൽവസ് നേരത്തെ ബാഴ്സലോണയിലേക്ക് തിരിച്ചു വരാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിരുന്നു. പക്ഷേ ആൽവസിനെ തിരികെയെത്തിക്കില്ലെന്ന് പിന്നാലെ ബാഴ്സലോണ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സാവി ഹെർണാണ്ടസ് ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റതോടെ ഡാനിയുടെ ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്സലോണ വീണ്ടും യു ടേണെടുക്കുകയും, അവസാനം ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കുകയുമായിരുന്നു. ഒരു സീസണിലേക്കുള്ള കരാറാണ് നിലവിൽ ആൽവസ് ബാഴ്സലോണയുമായി ഒപ്പു വെക്കുകയെന്നും, എന്നാൽ 2023 വരെ കരാർ നീട്ടാനുള്ള ഓപ്ഷൻ ഈ കോണ്ട്രാക്ടിലുണ്ടാകുമെന്നുമാണ് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച റൈറ്റ് ബാക്ക് താരങ്ങളിലൊരാളാണ് മുപ്പത്തിയെട്ടുകാരനായ ഡാനി ആൽവസ്. 2016 ൽ ആൽവസ് ക്ലബ്ബ് വിട്ടതിന് ശേഷം അദ്ദേഹത്തിന് പറ്റിയ പകരക്കാരനെ കണ്ടു പിടിക്കാൻ പോലും ബാഴ്സലോണക്ക് കഴിഞ്ഞില്ല. 8 വർഷം നീണ്ട കരിയറിൽ ബാഴ്സലോണക്കായി 391 മത്സരങ്ങൾ കളിച്ച ഡാനി ആൽവസ്, 23 ഗോളുകൾ നേടിയതിനൊപ്പം 23 കിരീടങ്ങളും അവർക്കൊപ്പം സ്വന്തമാക്കി.