സൂപ്പർ താരത്തെ വിൽക്കാൻ പദ്ധതിയിട്ട് ബാഴ്സലോണ; സാവിയുടെ താല്പര്യവും ഈ നീക്കത്തിന് പിന്നിലെന്ന് സൂചന

ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസിന് ക്ലബ്ബിലെ ഇപ്പോളത്തെ ഏറ്റവും മികച്ച കളികാരിലൊരാളായ ഫ്രെങ്കി ഡി ജോംഗിനെ വിൽപ്പനക്ക് വെക്കാൻ പദ്ധതികളുണ്ടെന്ന് സൂചന. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി യിലൂടെ കടന്നു പോകുന്ന ബാഴ്സലോണക്ക് വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകങ്ങളിൽ കൂടുതൽ കളികാരെ ടീമിലേക്ക് കൊണ്ടു വരുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഡി ജോംഗിനെപ്പോലൊരു താരത്തെ വിൽക്കുന്നതിലൂടെ വൻ തുക നേടാമെന്നും ഈ പണമുപയോഗിച്ച് തനിക്ക് വേണ്ട സൈനിംഗുകൾ നടത്താമെന്നും സാവി കരുതുന്നതായാണ് റിപ്പോർട്ട്.
2019 ൽ ഡച്ച് ക്ലബ്ബായ അയാക്സിൽ നിന്ന് ബാഴ്സലോണയിലെത്തിയ ഫ്രെങ്കിഡി ജോംഗ് ഇതിന് ശേഷം കറ്റാലൻ ക്ലബ്ബിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്ലബ്ബിനെ മെച്ചപ്പെടുത്തുന്നതിന് തന്റെ ട്രാൻസ്ഫർ കിറ്റി വർധിപ്പിക്കേണ്ടത് പ്രധാനമായതിനാൽ ഡി ജോംഗിനെ വിൽക്കുന്നതിന് സാവി തയ്യാറാണെന്നാണ് സ്പാനിഷ് മാധ്യമമായ എൽ ചിരിംഗ്വിറ്റോ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ബാഴ്സലോണയുടെ മധ്യനിരയിൽ ആവശ്യത്തിന് മികച്ച താരങ്ങളുണ്ടെന്ന് സാവി വിശ്വസിക്കുന്നതായും അതിനാൽ അവിടെ നിന്ന് ഒരാളെ നഷ്ടപ്പെടുന്നത് ക്ലബ്ബിന് കാര്യമായ തിരിച്ചടി നൽകില്ലെന്ന് അദ്ദേഹം കരുതുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈയൊരു കാരണം കൊണ്ടാണ് സെൻട്രൽ മിഡ്ഫീൽഡറായ ഡി ജോംഗിനെ നഷ്ടപ്പെടുത്താൻ അദ്ദേഹം തയ്യാറായിരിക്കുന്നതും.
അതേ സമയം നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവ മിഡ്ഫീൽഡർമാരിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഇരുപത്തിനാലു കാരനായ ഫ്രെങ്കി ഡി ജോംഗ്. അത് കൊണ്ടു തന്നെ ട്രാൻസ്ഫർ വിപണിയിൽ ലഭ്യമാണെങ്കിൽ യൂറോപ്പിലെ പലവമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നാലെയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
നേരത്തെ 2019 ൽ അദ്ദേഹത്തെ സ്വന്തമാക്കുന്നതിന് ബാഴ്സലോണക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നമാഞ്ചസ്റ്റർ സിറ്റി, യുവന്റസ് ടീമുകൾക്ക് ഇപ്പോളും അദ്ദേഹത്തിൽ കണ്ണുണ്ടെന്ന് സൂചനകളുണ്ട്. അതു കൊണ്ടു തന്നെ താരത്തെ വിൽക്കുകയാണെങ്കിൽ വൻ തുക ബാഴ്സലോണക്ക് നേടാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്തായാലും ഡി ജോംഗിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.