കഷ്ടകാലം വിട്ടുമാറാതെ ഡെംബലെ; വീണ്ടും പരിക്ക്, കളിക്കളത്തിൽ നിന്ന് പുറത്ത്

പരിക്കിനെത്തുടർന്ന് ഏറെക്കാലം കളിക്കളത്തിന് പുറത്തിരുന്നതിന് ശേഷം കഴിഞ്ഞ ദിവസം ഡൈനാമോ കീവിനെതിരെ കളിച്ചു കൊണ്ട് ബാഴ്സലോണ ജേഴ്സിയിലേക്ക് തിരിച്ചെത്തിയ ഔസ്മാൻ ഡെംബലെ വീണ്ടും പരിക്കിന്റെ പിടിയിൽ. അല്പം മുൻപ് എഫ് സി ബാഴ്സലോണ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. പരിക്കുകൾ വിട്ടു മാറാതെ പിന്തുടരുന്ന ഡെംബലെക്ക് സംഭവിച്ചിരിക്കുന്ന ഏറ്റവും പുതിയ പരിക്കിന്റെ വാർത്ത ബാഴ്സലോണ ആരാധകർക്ക് മാത്രമല്ല ഫുട്ബോൾ ലോകത്തിന് മുഴുവൻ വലിയ നിരാശയും ഞെട്ടലുമാണ് സമ്മാനിച്ചിരിക്കുന്നത്.
ഈ വർഷത്തെ യൂറോ കപ്പിൽ ഹംഗറിക്കെതിരെ നടന്ന മത്സരത്തിനിടെ ഫ്രഞ്ച് താരമായ ഡെംബലെയുടെ കാൽമുട്ടിൽ പരിക്ക് സംഭവിക്കുകയായിരുന്നു. തുടർന്ന് ജൂണിൽ ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ദിവസം ഡൈനാമോ കീവിനെതിരെ നടന്ന മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുറ്റിൽ ഗവിക്ക് പകരക്കാരനായി കളിക്കാനിറങ്ങിയാണ് ഫുട്ബോൾ മൈതാനത്ത് തന്റെ തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഈ ഒരു മത്സരത്തിന് ശേഷം താരം വീണ്ടും പരിക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.
?????? ???? | The first team player Ousmane Dembélé has a strain in the semimembranosus muscle of his left hamstring.https://t.co/e7P9uj6dBq pic.twitter.com/I1JXxd56bt
— FC Barcelona (@FCBarcelona) November 4, 2021
ഡെംബലെയുടെ ഇടത് പിൻതുട ഞരമ്പിന് പരിക്കേറ്റെന്നാണ് ബാഴ്സലോണ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ടീം സെലക്ഷന് അദ്ദേഹം ലഭ്യമല്ലെന്നും, പരിക്കിൽ നിന്ന് മോചിതമാകുന്നതിന് അനുസരിച്ചേ മൈതാനത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് നിർണയിക്കാനാവൂ എന്നും ബാഴ്സലോണ വ്യക്തമാക്കുന്നു. എന്തായാലും വരും മത്സരങ്ങളിൽ താരം ബാഴ്സലോണ നിരയിലുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.
അതേ സമയം നടുവേദനയെത്തുടർന്ന് തങ്ങളുടെ യു എസ് താരമായ സെർജിനോ ഡെസ്റ്റും വരും മത്സരങ്ങളിൽ സെലക്ഷന് ലഭ്യമാകില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്. മാർട്ടിൻ ബ്രാത്ത് വൈറ്റ്, പെഡ്രി, സെർജിയോ അഗ്യൂറോ എന്നിവർക്ക് പുറമേ ഡെംബലെ, ഡെസ്റ്റ് എന്നിവരും പരിക്കിന്റെ പിടിയിലായിരിക്കുന്നത് പരീക്ഷണനാളുകളിലൂടെ കടന്നു പോകുന്ന കറ്റാലൻ ക്ലബ്ബിന് സമ്മാനിക്കുന്ന തലവേദന ചെറുതൊന്നുമല്ല എന്നതുറപ്പ്.