ജൊവാൻ ഗാംപർ ട്രോഫിക്കായി പുതിയ എതിരാളികളെ കണ്ടെത്തി ബാഴ്സലോണ
By Vaisakh. M

ജൊവാൻ ഗാംപർ ട്രോഫിക്കായുള്ള എതിരാളികളെ കണ്ടെത്തി ബാഴ്സലോണ. മെക്സിക്കൻ ക്ലബ്ബായ പ്യുമസാണ് ഓഗസ്റ്റ് 7നു ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയുമായി ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 11:30നാണ് മത്സരം കിക്ക് ഓഫ് ചെയ്യുന്നത്.
എതിരാളികളായി നിശ്ചയിച്ചിരുന്ന ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് മറ്റൊരു എതിരാളിക്കായി ബാഴ്സക്ക് ശ്രമിക്കേണ്ടിവന്നത്. ബാഴ്സ ഫെമിനിയുടെയും പുരുഷന്മാരുടെയും മത്സരം ഒരുമിച്ചു ഓഗസ്റ്റ് 6നു ഒരുമിച്ചു നടത്താനായിരുന്നു ബാഴ്സയുടെ പദ്ധതി. എന്നാൽ റോമ പിന്മാറിയതോടെ ആ നീക്കം ഒഴിവാക്കുകയായിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ മോന്റെപെല്ലിയെറുമായുള്ള ബാഴ്സ ഫെമിനിയുടെ മത്സരം ഓഗസ്റ്റ് 23 ലേക്കാണ് പുതിയതായി മാറ്റിയിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11:30നാണ് മത്സരം.
റോമ പിന്മാറിയതിനാൽ മറ്റൊരു ഇറ്റാലിയൻ ക്ലബായ എസി മിലാനു വേണ്ടി ബാഴ്സ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതിയ എതിരാളികളെയും തീയതിയും നിശ്ചയിച്ചെങ്കിലും യുവന്റസ്, ആഴ്സണൽ, ബൊക്ക ജൂനിയർസ് എന്നീ ക്ലബ്ബുകളുമായി മുൻപ് നടന്ന ജോവാൻ ഗാംപർ ട്രോഫി മത്സരങ്ങളെ പോലെ ഇത് കൂടുതൽ ആരാധകരെ ക്യാമ്പ് നൗവിലെത്തിക്കില്ല എന്ന കാര്യത്തിൽ തർക്കമില്ല.