സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ രണ്ടാമത്തെ പദ്ധതിയും നടപ്പിലാക്കി ബാഴ്സലോണ, ക്ലബിലേക്കെത്തുക നാനൂറു മില്യൺ


കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ അതിനു പരിഹാരം കാണാനുള്ള രണ്ടാമത്തെ പദ്ധതിയും നടപ്പിലാക്കി. ബാഴ്സലോണ നടപ്പിലാക്കിയ കരാർ പ്രകാരം ക്ലബിന്റെ പതിനഞ്ചു ശതമാനം ടെലിവിഷൻ അവകാശം അമേരിക്കൻ കമ്പനിയായ സിക്സ്ത്ത് സ്ട്രീറ്റിനു വിൽപ്പന നടത്തിയിട്ടുണ്ട്. ഇതോടെ നാനൂറു മില്യൺ യൂറോയാണ് ബാഴ്സയ്ക്ക് ലഭിക്കുകയെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
ഒരു മാസം മുൻപ് ഇതേ കമ്പനിക്ക് ക്ലബിന്റെ ടെലിവിഷൻ അവകാശത്തിന്റെ പത്ത് ശതമാനം ഇരുനൂറു മില്യൺ യൂറോക്ക് ബാഴ്സലോണ വിറ്റിരുന്നു. ഇതോടെ ബാഴ്സലോണയുടെ ടെലിവിഷൻ അവകാശത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം ഇനി സിക്സ്ത്ത് സ്ട്രീറ്റിന്റെ കൈകളിലാവും. ഇരുപത്തിയഞ്ചു വർഷത്തേക്കാണ് ഈ അവകാശം അമേരിക്കൻ കമ്പനിക്ക് ലഭിക്കുക.
ബാഴ്സലോണയെ സംബന്ധിച്ച് പുതിയ സാമ്പത്തികപദ്ധതി ക്ലബിന്റെ അടുത്ത സീസണിലെ തയ്യാറെടുപ്പുകൾക്ക് പുതിയ ഊർജ്ജം നൽകുന്നതാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നാലോളം താരങ്ങളെ ടീമിലെത്തിച്ച് പുതിയ താരങ്ങൾക്കു വേണ്ടി ശ്രമം നടത്തുന്ന ബാഴ്സലോണക്ക് ഇരുനൂറു മില്യൺ യൂറോ ട്രാൻസ്ഫറുകൾക്കു വേണ്ടി മാത്രം ചിലവഴിക്കാൻ ഇതുവഴി കഴിയുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നിലവിൽ ക്രിസ്റ്റൻസെൻ, കെസീ, റഫിന്യ, ലെവൻഡോസ്കി എന്നിവരെയാണ് ബാഴ്സ സമ്മറിൽ ടീമിന്റെ ഭാഗമാക്കിയത്. ഇതിനു പുറമെ ജൂൾസ് കൂണ്ടെ, ബെർണാഡോ സിൽവ, മാർകോ അലോൺസോ എന്നിവരെയും നോട്ടമിട്ടിട്ടുള്ള ബാഴ്സക്ക് ഈ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാൻ പുതിയ കരാർ സഹായിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.