Football in Malayalam

ആറു താരങ്ങളെ സ്വന്തമാക്കിയപ്പോൾ പതിനാലു പേർ പുറത്ത്, സമ്മറിൽ ബാഴ്‌സലോണ നടത്തിയ ട്രാൻസ്‌ഫറുകളുടെ റേറ്റിങ് അറിയാം...

Sreejith N
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണ ആരാധകർക്ക് വലിയ നിരാശ നൽകിയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകം കടന്നു പോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടീം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ എറിക് ഗാർസിയ, അഗ്യൂറോ, മെംഫിസ് എന്നിവരെ ഫ്രീ ട്രാൻസ്ഫറിലും എമേഴ്‌സണെ ചെറിയ തുകക്കും സ്വന്തമാക്കി പ്രതീക്ഷ നൽകിയെങ്കിലും ട്രാൻസ്‌ഫർ ജാലകം അവസാനിച്ചപ്പോൾ രണ്ടു പ്രധാന താരങ്ങളടക്കം പതിനാലു പേരാണ് ടീം വിട്ടിരിക്കുന്നത്.

കോപ്പ അമേരിക്ക നേടിയതിന്റെ ആത്മവിശ്വാസവുമായി മെസി കൂടുതൽ കരുത്തോടെ കളിക്കുന്ന ഒരു സീസൺ പ്രതീക്ഷിച്ച ബാഴ്‌സ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടാണ് താരത്തിന് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ അറിയിച്ചത്. അതിനു പിന്നാലെ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു. ഇതിനു പുറമെ മെസിക്കു പകരം ബാഴ്‌സയിൽ തിളങ്ങുമെന്നു പ്രതീക്ഷിച്ച ഗ്രീസ്‌മൻ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസമായ ഇന്നലെ മുൻ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഇതിനു പുറമെ സമ്മർ ജാലകത്തിന്റെ തുടക്കത്തിൽ ടീമിന്റെ ഭാഗമാക്കിയ എമേഴ്‌സൺ ടോട്ടനം ഹോസ്‌പറിലേക്കും കരാർ പുതുക്കാൻ വിസമ്മതിച്ച മൊറീബ ലീപ്‌സിഗിലേക്കും ചേക്കേറി. അലബയുടെ ബാക്കപ്പായിരുന്ന ജൂനിയർ ഫിർപ്പോ ലീഡ്‌സ് യുണൈറ്റഡിൽ എത്തിയപ്പോൾ ഫ്രാൻസിസ്‌കോ ട്രിൻകാവോയെ ലോണിൽ വോൾവ്‌സിലേക്കും ബാഴ്‌സ അയക്കുകയുണ്ടായി. ടോഡിബോ, അലെന, റെയ് മനാജ്, മിറാൻഡ, മത്തേയൂസ് ഫെർണാണ്ടസ്, മൊഞ്ചു, എന്നിവരാണ് വിവിധ തരത്തിൽ ക്ലബിനോട് വിടപറഞ്ഞ മറ്റു താരങ്ങൾ.

സമ്മർ ജാലകത്തിന്റെ തുടക്കത്തിൽ സ്വന്തമാക്കിയ എമേഴ്‌സണെ ടോട്ടനം ഹോസ്‌പറിലേക്കു വിറ്റതു പരിഗണിക്കുമ്പോൾ നിലവിൽ സ്വന്തമാക്കിയ താരങ്ങളിൽ അഞ്ചു പേരെ മാത്രമാണ് ബാഴ്‌സക്ക് ഉപയോഗിക്കാൻ കഴിയുക. മെംഫിസ് ഡീപേയ്, സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ എന്നിവർക്കൊപ്പം റാപിഡ് വിയെനിൽ നിന്നുമെത്തിയ യൂസഫ് ഡെമിറുമാണ് സെവിയ്യയിൽ നിന്നും ഇന്നലെ സ്വന്തമാക്കിയ ലൂക്ക് ഡി ജോങ്ങുമാണ് ടീമിലുള്ളത്.

സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ ബാഴ്‌സലോണയുടെ മുന്നിൽ ഉള്ളതെങ്കിലും വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ പരിഗണിക്കുമ്പോൾ ബാഴ്‌സയുടെ ട്രാൻസ്‌ഫർ ആക്റ്റിവിറ്റി പരിതാപകരമാണെന്നു പറയാതെ വയ്യ. സൂപ്പർതാരങ്ങളായ രണ്ടു പേരെടക്കം നിരവധി മികച്ച കളിക്കാരെ വിട്ടുകൊടുത്ത ബാഴ്‌സക്ക് പ്രതീക്ഷ നൽകുന്നത് മെംഫിസ് ഡീപേയ്, എറിക് ഗാർസിയ എന്നിവരുടെ സൈനിങ്‌ മാത്രമാണ്. എങ്കിലും ഇപ്പോഴുള്ള താരങ്ങളെ വെച്ച് ലാ ലിഗയിൽ ടോപ് ഫോർ തന്നെ ബാഴ്‌സക്ക് എത്തിപ്പിടിക്കാൻ കഴിയുമോയെന്നു സംശയമാണ്.

ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ ആക്റ്റിവിറ്റി റേറ്റിങ്: 4/10


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit