ഇറ്റാലിയൻ യുവതാരത്തിനു മെസിയോടുള്ള ഭ്രാന്തമായ ആരാധന വെളിപ്പെടുത്തി പിതാവ്

Father Reveals Gnonto Is A Big Fan Of Messi
Father Reveals Gnonto Is A Big Fan Of Messi / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ജർമനിക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പതിനെട്ടുകാരനായ മുന്നേറ്റനിര താരം വിൽഫ്രഡ് നൊണ്ടോ മെസിയുടെ കടുത്ത ആരാധകനാണെന്നു വെളിപ്പെടുത്തി പിതാവ്. ഇറ്റലിയും അർജന്റീനയും തമ്മിൽ നടന്ന ഫിനലിസിമ പോരാട്ടത്തിനു ശേഷം മെസിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഒരു മണിക്കൂറോളം അർജന്റീനയുടെ ഡ്രസിങ് റൂമിൽ താരം കാത്തു നിന്നതും അദ്ദേഹം വെളിപ്പെടുത്തി.

"വിൽഫ്രഡിന് മെസിയെന്നാൽ ഭ്രാന്തമായ ആവേശമാണ്. കഴിഞ്ഞയാഴ്‌ച മെസിയുടെ ഓട്ടോഗ്രാഫ് ലഭിക്കുന്നതിനു വേണ്ടി ഏതാണ്ട് ഒരു മണിക്കൂറോളം അർജന്റീനയുടെ ഡ്രസിങ് റൂമിൽ താരം കാത്തു നിന്നു. ഇനിയും അത് സംഭവിക്കുമെന്നും അവർ വീണ്ടും കണ്ടുമുട്ടുമെന്നും കരുതുന്നു. ജേഴ്‌സികൾ തമ്മിൽ കൈമാറിയാൽ അതു സന്തോഷമുള്ള കാര്യമാണ്." പിതാവായ ബോറിസ് നോയൽ റായ് റേഡിയോ വണിനോട് പറഞ്ഞു.

നിലവിൽ സ്വിസ് ക്ലബായ എഫ്‌സി സൂറിച്ചിലാണ് നൊണ്ടോ കളിക്കുന്നത്. ഇക്കഴിഞ്ഞ സീസണിൽ ക്ലബിനു വേണ്ടി പത്തു ഗോളുകളും അഞ്ച് അസിസ്റ്റും നേടിയ താരത്തിന്റെ പ്രകടനമാണ് ദേശീയടീമിലേക്ക് വഴി തുറന്നത്. ജർമനിക്കെതിരെ അരങ്ങേറിയ താരം ഒരു അസിസ്റ്റ് മത്സരത്തിൽ നൽകിയിരുന്നു. അതേസമയം ചെറുപ്പത്തിൽ കളിച്ച ഇന്റർ മിലാനിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നതെന്നും നോയൽ പറഞ്ഞു.

"അവൻ ഇന്റർ മിലനാണ്, എപ്പോഴും അതങ്ങിനെയാവുകയും ചെയ്യും. നേരസൂറിയിലേക്ക് തിരിച്ചു പോയി അവർക്കു വേണ്ടി കളിക്കാൻ താരം ആഗ്രഹിക്കുന്നു. സൂറിച്ചിലേക്ക് പോകേണ്ടി വന്നതിൽ താരം ദുഖിതനായിരുന്നു. താരത്തിനായുള്ള ഓഫറുകൾ? അത് ഏജന്റ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്." താരത്തിന്റെ പിതാവ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.