Football in Malayalam

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എന്ത് പറ്റി?

Haroon Rasheed
Cristiano Ronaldo has gone six games without scoring a goal
Cristiano Ronaldo has gone six games without scoring a goal / Nathan Stirk/GettyImages
facebooktwitterreddit

ഈ സീസണിലായിരുന്നു ഇറ്റാലിയന്‍ ക്ലബായ യുവന്റസ് വിട്ട് പോര്‍ച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിന്റെ കളിമുറ്റത്തെത്തിയത്. സീസണിന്റെ തുടക്കത്തില്‍ റൊണാൾഡോയുടെ യുണൈറ്റഡിലേക്കുള്ള വരവ് ലോകം ആഘോഷിച്ചു. തന്നെ സൂപ്പർതാരമാക്കി മാറ്റിയ ക്ലബിന് വേണ്ടി റൊണാൾഡോ ഗോളുകള്‍ നേടിയപ്പോള്‍ ഫുട്‌ബോള്‍ ലോകം റൊണാൾഡോക്ക് വേണ്ടി കൈയടിച്ചു.

ഈ സീസണില്‍ യുണൈറ്റഡിന് വേണ്ടി 26 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൊണാൾഡോ, 14 ഗോളുകളാണ് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി സ്വന്തമാക്കിയത്. ഒരു മുന്നേറ്റതാരത്തെ സംബന്ധിച്ചിടത്തോളം അത് നിസ്സാരകാര്യമല്ല, പ്രത്യേകിച്ചും തന്റെ കരിയറിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന ഒരു താരത്തിന്. പക്ഷെ, നമ്മൾ സംസാരിക്കുന്നത് റൊണാൾഡോയെ കുറിച്ചാണ് - ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ കുറിച്ച്.

അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ ആറ് മത്സരങ്ങളിലായി റൊണാൾഡോയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറക്കാത്തത് ഒരു ചർച്ചാവിഷയമാകുന്നത്. ഡിസംബര്‍ 31ന് ബേണ്‍ലിക്ക് എതിരെയുള്ള മത്സരത്തിന് ശേഷം റൊണാള്‍ഡോക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. എഫ്.എ കപ്പില്‍ മിഡിൽസ്ബോറോക്കെതിരെ പെനാല്‍റ്റി പാഴാക്കിയതുള്‍പ്പെടെ ക്രിസ്റ്റ്യാനോക്ക് മേല്‍ അശനിപാതം പോലെയാണ് ദൗര്‍ഭാഗ്യം വന്നത്.

എന്താണ് റൊണാൾഡോക്ക് പറ്റിയത്. യുണൈറ്റഡിന്റെ തോല്‍വിയുടെ അല്ലെങ്കില്‍ സമനിലയുടെ ഉത്തരവാദിത്തം റാങ്‌നിക്കിനെക്കാള്‍ ഒരുപക്ഷെ ക്രിസ്റ്റ്യാനോക്ക് ഏല്‍ക്കേണ്ടി വന്നു. സ്വന്തം കാരണം കൊണ്ടല്ലാതെ സമ്മര്‍ദം വരുമ്പോള്‍ ഒരാൾ തളരുന്നത് സ്വാഭാവികമാണ്. പക്ഷെ, റൊണാൾഡോ ഇനി ഗോളുകൾ കണ്ടെത്തുന്നത് വരെ താരത്തിന് മേലുള്ള സമ്മർദ്ദം കൂടി കൊണ്ടേ ഇരിക്കും.

കഠിനാധ്വാനം കൊണ്ട് ഫുട്ബോളിന്റെ പടവുകൾ കയറിയ റൊണാൾഡോ, തിരിച്ചുവരാനുള്ള കഠിന പരിശ്രമത്തിൽ തന്നെയായിരിക്കണമിപ്പോൾ. 36ാം വയസുവരെ ഗ്രൗണ്ടില്‍ മായാജാലം തീര്‍ത്ത ക്രിസ്റ്റ്യാനോക്ക് തിരിച്ചുവരവിനുള്ള സമയം നല്‍കണം. ഏതൊരു ഫുട്‌ബോളര്‍ക്കും ഉള്ളത് പോലെ, ഫോം ഔട്ടിന് ശേഷം റൊണാൾഡോക്കും നല്ല കാലം വരുമെന്നും, എതിർ പ്രതിരോധത്തെ ഭേദിച്ച് ഗോളുകൾ കണ്ടെത്തുന്ന റൊണാൾഡോ വീണ്ടും അവതരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ഫുട്ബോളിന്റെ നെറുകയിൽ നിന്നുള്ള റൊണാൾഡോയുടെ അനിവാര്യമായ പടിയിറക്കത്തിന്റെ തുടക്കമാണോ ഇതെന്ന ചോദ്യങ്ങൾക്ക് വരും മത്സരങ്ങൾ ഉത്തരം നൽകും. അത് വരെ, ക്രിസ്റ്റ്യാനോക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും, കഠിനമായ പരിശീലനത്തിലൂടെയും ആത്മാർപ്പണത്തിലൂടെയും റൊണാൾഡോ തിരിച്ചുവരുമെന്നും, അദ്ദേഹത്തിൽ നിന്ന് ഇനിയും മായാജാലങ്ങൾ കാണാനാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit