റിഗ്യുലോൺ ട്രാൻസ്ഫർ: നേട്ടം റയലിന്, പെരസിന്റെ തന്ത്രങ്ങളിൽ വീഴാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

Sergio Reguilon
Real Madrid v Eibar - La Liga Santander | Soccrates Images/Getty Images

റയൽ മാഡ്രിഡ് താരമായ സെർജിയോ റിഗ്യുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി ടോട്ടനത്തിലേക്ക് ചേക്കേറുന്നതിന്റെ അടുത്തെത്തിയെന്നാണ് യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതാണ്ട് മുപ്പതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ലണ്ടൻ ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാനൊരുങ്ങുന്ന സ്പാനിഷ് താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോകാനായിരുന്നു താല്പര്യമെങ്കിലും റയലിന്റെ ഡിമാന്റുകൾ അംഗീകരിക്കാനാവില്ലെന്നതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു.

സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയ പ്രതിഭാശാലിയായ ഒരു താരത്തെ എതിരാളികൾക്കു വിട്ടു കൊടുക്കുകയാണ് ചെയ്തതെങ്കിലും അതുവഴി റയൽ മാഡ്രിഡ് പ്രസിണ്ടന്റായ ഫ്ലോറന്റീനോ പെരസിന്റെ കൂർമബുദ്ധിയിൽ വിരിയുന്ന തന്ത്രങ്ങൾക്ക് ഇരയാവാതെ രക്ഷപ്പെടുക കൂടിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്പാനിഷ് താരത്തെ കൈമാറ്റം ചെയ്യാൻ റയൽ പ്രധാനമായും ആവശ്യപ്പെട്ടത് ഒരു ബൈ ബാക്ക് ക്ളോസാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം നിശ്ചിത തുകക്ക് റിഗ്യുലോണിനെ തിരിച്ചു വാങ്ങാൻ റയലിന് കഴിയുമെന്ന ഉടമ്പടി കരാറിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം യുണൈറ്റഡ് തള്ളുകയായിരുന്നു.

അതേ സമയം ഇപ്പോൾ മുപ്പതു ദശലക്ഷം യൂറോക്ക് സ്വന്തമാക്കുന്ന താരത്തെ രണ്ട് വർഷത്തിനുള്ളിൽ 30 മുതൽ 40 ദശലക്ഷം യൂറോക്ക് തിരിച്ചു വാങ്ങാൻ കഴിയുന്ന ബൈ ബാക്ക് ക്ളോസ് ടോട്ടനം അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റയലിനെ സംബന്ധിച്ച് വളരെ ലാഭകരമാണ് ഈ ട്രാൻസ്ഫർ. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കിൽ റിഗ്യുലോണിനെ തിരിച്ചെത്തിക്കാൻ റയലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. പരമാവധി പത്ത് ദശലക്ഷം യൂറോ അധികം നൽകി രണ്ട് വർഷത്തിന് ശേഷം ഒരു മികച്ച താരത്തെ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് റയലിന് സ്വന്തമായിരിക്കുന്നത്.

ട്രാൻസ്ഫർ പോളിസികളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ടോട്ടനത്തിന്റെയും രീതികളിലുള്ള വ്യത്യാസവും ഇക്കാര്യത്തിൽ നിർണായകമാണ്. ഒരു താരത്തെ സ്വന്തമാക്കുമ്പോൾ അവർക്കു ടീമിനൊപ്പം വളരെക്കാലം തുടരാൻ കഴിയുന്ന തരത്തിലായിരിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനു നിർബന്ധമുണ്ട്. നേരത്തെ എർലിംഗ് ഹാലൻഡിന്റെ ട്രാൻസ്ഫറിൽ നിന്നും യുണൈറ്റഡ് പിന്മാറാനുള്ള കാരണവും സമാനമായ റിലീസ് ക്ളോസ് ഡോർട്മുണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു. ടീമുമായി ഇണങ്ങിച്ചേർന്നതിനു ശേഷം ഒരു താരത്തെ വിട്ടു നൽകേണ്ടി വരുന്നത് ദീർഘകാല പദ്ധതികളുമായി മുന്നോട്ടു പോകുന്ന ക്ലബുകൾക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ്.

അതേ സമയം ടോട്ടനത്തെ സംബന്ധിച്ച് റിഗ്യുലോൺ ട്രാൻസ്ഫർ കൊണ്ട് നഷ്ടമൊന്നും സംഭവിക്കാനില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതിഭയുള്ള ഒരു താരത്തെ വെറും 10 മില്യൺ യൂറോ അധികം ലഭിച്ച് വിട്ടു കൊടുക്കേണ്ടി വരുമെന്നത് മാത്രമാണ് ടോട്ടനത്തെ സംബന്ധിച്ച തിരിച്ചടി. എന്നാൽ റയലിനു സ്പാനിഷ് താരത്തെ തിരിച്ചു വേണ്ടെങ്കിൽ അത് സ്പർസിനു ഗുണമാണ്. റിഗ്യുലോൺ ട്രാൻസ്ഫറിനൊപ്പം ബെയിലിനെ ലോണിലെത്തിക്കാനുള്ള നീക്കങ്ങളും അവർ നടത്തുന്നുണ്ട്. എന്തായാലും ഈ ട്രാൻസ്ഫർ കൊണ്ട് ഏറ്റവും നേട്ടമുകൂടുതൽ ണ്ടാകുന്ന ക്ലബ് റയൽ മാഡ്രിഡ് തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.