Football in Malayalam

ബാഴ്‌സയുടെ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മെസിക്ക് പിന്തുണ, പുറത്ത് ലപ്പോർട്ടക്കെതിരെ പ്രതിഷേധവുമായി ആരാധകർ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

വർഷങ്ങൾക്കു ശേഷം ലയണൽ മെസിയില്ലാതെ ഒരു സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടുണ്ട്. റയൽ സോസിഡാഡിനെതിരെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് കാറ്റലൻ ക്ലബ് സ്വന്തമാക്കിയത്. മാർട്ടിൻ ബ്രൈത്ത്വൈറ്റ് രണ്ടു ഗോളുകൾ നേടിയപ്പോൾ ജെറാർഡ് പിക്വ, സെർജി റോബർട്ടോ എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ കുറിച്ചത്.

ഒന്നര വർഷത്തിനു ശേഷം ആരാധകർ ബാഴ്‌സലോണയുടെ മൈതാനത്ത് തിരിച്ചെത്തിയപ്പോൾ അവരുടെ നായകനായിരുന്ന മെസിയുടെ അസാന്നിധ്യം കളിക്കളത്തിൽ ഉണ്ടായിരുന്നെങ്കിലും അർജന്റൈൻ താരത്തിനുള്ള പിന്തുണക്ക് യാതൊരു കുറവുമില്ലായിരുന്നു. നിരവധി ആരാധകരാണ് ലയണൽ മെസിയുടെ ജേഴ്‌സികൾ ഉയർത്തിയും താരത്തിന് വേണ്ടി ചാന്റുകൾ പാടിയും സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

അതേസമയം സ്റ്റേഡിയത്തിനു പുറത്ത് ബാഴ്‌സലോണ ആരാധകരുടെ പ്രതിഷേധവും കാണാൻ സാധിച്ചു. മെസിയെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതിനു ബാഴ്‌സ പ്രസിഡന്റ് ലപോർട്ടക്കെതിരെ സ്റ്റേഡിയത്തിനു പുറത്ത് ഒന്നിലധികം ബാനറുകളാണ് ഉയർന്നത്. ലയണൽ മെസിയെ ഒറ്റിക്കൊടുത്ത യൂദാസ്, ഫ്ലോറന്റീനോ പെരസിന്റെ വേലക്കാരൻ എന്നിങ്ങനെയെല്ലാമാണ് ബാനറിലെ വാചകങ്ങൾ ഉണ്ടായിരുന്നത്.

മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ താരങ്ങളുടെ പേരുകൾ വിളിച്ചു പറയുമ്പോൾ ടീമിന്റെ രണ്ടാമത്തെ നായകനായ ജെറാർഡ് പിക്വക്ക് വലിയ പിന്തുണയും അഭിനന്ദനവുമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഡീപേയ്, ഗാർസിയ എന്നിവരെ ടീമിനൊപ്പം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത് പിക്വ വേതനം കുറച്ചതു കൊണ്ടാണെന്നതാണ് ഇതിനു കാരണം. ഈ രണ്ടു താരങ്ങളും ഇന്നലെ ആദ്യ ഇലവനിലും ഉണ്ടായിരുന്നു.

facebooktwitterreddit